ലഖ്‌നൗ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മുന്‍ ആര്‍.എസ്.എസ് പ്രചാരകായ ത്രിവേന്ദ്ര സിങ് റാവത്തിനെ തെരഞ്ഞെടുത്തു. ബി.ജെ.പി കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടി എം.എല്‍.എയായ ത്രിവേന്ദ്ര സിങിനെ സഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.
Also read ഹൈദരാബാദ് സമ്മേളനത്തില്‍ പിണറായി പങ്കെടുക്കുക തന്നെ ചെയ്യും; പൊലീസ് വിലക്ക് മറികടക്കാന്‍ വേദി മാറ്റി
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മാര്‍ച്ച് 18നു ഡെറാഡൂണില്‍ വച്ച് നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വൈകീട്ട് മൂന്നു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
56 കാരനായ റാവത്ത് ഡോയിവാല മണ്ഡലത്തില്‍ നിന്നാണ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ അടുത്ത അനുയായിയാണ് പുതിയ മുഖ്യമന്ത്രി. പാര്‍ട്ടിയുടെ ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് ത്രിവേന്ദ്ര സിങ് റാവത്ത്.
ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും മോദിയുടെയും പിന്തുണ മനോജ് സിന്‍ഹയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ രാജ്‌നാഥ് സിങിനെ യു.പിയില്‍ പരിഗണിച്ചിരുന്നെങ്കിലും കേന്ദ്രത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നായിരുന്നു രാജ്‌നാഥ് സിങ് പാര്‍ട്ടിയോഗത്തില്‍ അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും എം.എല്‍.എമാരുടെ യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
