ഇത്തരം കഥ പറച്ചില്‍ കൊണ്ടാണ് ദേശീയ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തിലെത്തുന്നത്: തൃഷ
Malayalam Cinema
ഇത്തരം കഥ പറച്ചില്‍ കൊണ്ടാണ് ദേശീയ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തിലെത്തുന്നത്: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 2:44 pm

ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തുന്നതില്‍ മലയാളി സംവിധായകരെ സഹായിക്കുന്നത് അവരുടെ നിരീക്ഷണപാടവമാണെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് തൃഷ. ഇത്തരത്തില്‍ കഥ പറയുന്നത് കൊണ്ടാകണം ദേശീയ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തിലേക്ക് എത്തുന്നതെന്നും നടി പറയുന്നു.

തമിഴിനെ അപേക്ഷിച്ച് മലയാള സിനിമക്ക് വേണ്ടത് സ്വാഭാവികമായ പ്രകടനമാണെന്നും അതിവൈകാരികമായ അഭിനയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും തൃഷ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മലയാള സിനിമയില്‍ നമ്മള്‍ ഉള്ളത് ഉള്ളതുപോലെ തന്നെ അവതരിപ്പിച്ചാല്‍ മതി. കോളിവുഡില്‍ എല്ലാം അല്പം കൂടുതല്‍ വേണം. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കാന്‍ അതെല്ലാം ആവശ്യമാണ്.

ഹേയ് ജൂഡിലെ കഥാപാത്രത്തിന്റെ ചെറിയ ചെറിയ മാനറിസങ്ങള്‍ വരെ തിരക്കഥയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. തമിഴില്‍ മണിരത്‌നം സാറും ഗൗതം മേനോനും സമാനമായ രീതിയിലാണ് സിനിമ എടുക്കുന്നത്,’ തൃഷ പറഞ്ഞു.

ഹേയ് ജൂഡ് സിനിമക്ക് മുമ്പും മലയാളത്തില്‍ നിന്ന് ഒരുപാട് കഥകള്‍ കേട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള ഒരു കഥാപാത്രവുമായി മാത്രമേ കേരളത്തിലേക്കെത്താവൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും നടി പറയുന്നു.

ഹേയ് ജൂഡ് സിനിമയിലൂടെ നല്ലൊരു ടീമിനൊപ്പം മലയാളത്തിലേക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ശ്യാമപ്രസാദ് സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ കഥാപാത്രത്തിന് തന്റെ മുഖമാണ് സങ്കല്‍പ്പിച്ചതെന്ന് പറഞ്ഞുവെന്നും അതെല്ലാം വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്നും തൃഷ പറഞ്ഞു.

Content Highlight: Trisha Talks About Malayalam Cinema