96 ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണ്: തൃഷ
Kollywood
96 ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണ്: തൃഷ
ന്യൂസ് ഡെസ്‌ക്
Sunday, 4th November 2018, 3:51 pm

ചെന്നൈ: വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന തിയേറ്ററുകളില്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 96 ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ തൃഷ. ദീപാവലിക്ക് സണ്‍ ടി.വിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.

ഇതിനെതിരേയാണ് തൃഷ രംഗത്തെത്തിയത്. അഞ്ചാമത്തെ ആഴ്ചയിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ടി.വി യില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പൊങ്കലിലേക്ക് മാറ്റണമെന്നുമാണ് തൃഷ ആവശ്യപ്പെട്ടിരിക്കുന്നത്.


“ഞങ്ങളുടെ സിനിമ തിയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാം വാരമാണ്. ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങളുടെ ടീം കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു. 96 ടീം സണ്‍ ടിവിയോട് കടപ്പെട്ടിരിക്കും”- തൃഷ ട്വിറ്ററില്‍ കുറിച്ചു.

തൃഷയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചാനല്‍ ഇതിനോട് പ്രതികരണം അറിയിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ വിദേശത്തും മികച്ച പ്രതികരണം നേടി 96 പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സണ്‍ ടിവി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ സര്‍ക്കാരിന് തിയേറ്റര്‍ ലഭിക്കാനാണ് 96 തിരക്കിട്ട ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.