ബംഗാളില്‍ മൂന്ന് തൃണമൂല്‍ എം.എല്‍.എമാരും നിരവധി കൗണ്‍സിലര്‍മാരും ബി.ജെ.പിയിലേക്ക്: സി.പി.ഐ.എം എം.എല്‍.എയും പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്
India
ബംഗാളില്‍ മൂന്ന് തൃണമൂല്‍ എം.എല്‍.എമാരും നിരവധി കൗണ്‍സിലര്‍മാരും ബി.ജെ.പിയിലേക്ക്: സി.പി.ഐ.എം എം.എല്‍.എയും പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 4:36 pm

 

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്കു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. ബി.ജെ.പി നേതാവ് മുകുള്‍ റോയിയുടെ മകനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മൂന്ന് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു.

വാര്‍ത്ത ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ‘ എത്ര എം.എല്‍.എമാരും കോണ്‍സിലര്‍മാരും വരുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലര്‍ ദല്‍ഹിയിലുണ്ടെന്നും കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നും അറിയാന്‍ കഴിഞ്ഞു. മുകുള്‍ റോയിയാണ് സംഘത്തെ നയിക്കുന്നത്. അദ്ദേഹവും ദല്‍ഹിയിലുണ്ട്.’ ദിലീപ് ഘോഷ് പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പരാമര്‍ശം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത ബിജ്പൂര്‍ ലെജിസ്ലേറ്റര്‍ സുബ്രാങ്ഷു റോയിയാണ് ബി.ജെ.പിയിലേക്ക് പോകുന്ന ഒരു എം.എല്‍.എ. ‘ഇപ്പോള്‍ എനിക്ക് സ്വതന്ത്രമായി ശ്വസിക്കാം. തൃണമൂല്‍ കോണ്‍ഗ്രസില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന ഒരുപാട് പേരുണ്ട്.’ എന്നായിരുന്നു സസ്‌പെന്‍ഷനുശേഷം അദ്ദേഹം പറഞ്ഞത്. തന്റെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സൂക്ഷിക്കണമെന്ന് അച്ഛന്‍ (മുകുള്‍ റോയി) എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ വ്യാജ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടാം അല്ലെങ്കില്‍ ആക്രമിക്കപ്പെടാം…രണ്ട് മൂന്ന് ദിവസംകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ ചേരും.’സുബ്രാങ്ഷു പറഞ്ഞു.

ബാരക്പൂരില്‍ നിന്നുള്ള എം.എല്‍.എയായ സില്‍ബാദ്ര ദത്തയും ബി.ജെ.പിയിലേക്ക് ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കു പുറമേ നിരവധി കൗണ്‍ലിലര്‍മാരും ഒരു സി.പി.ഐ.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.