ഇന്ത്യന്‍ ദേശീയ പതാകയും 'മെയ്ഡ് ഇന്‍ ചൈന' ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍
India
ഇന്ത്യന്‍ ദേശീയ പതാകയും 'മെയ്ഡ് ഇന്‍ ചൈന' ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2017, 1:04 pm

ന്യൂദല്‍ഹി: ഉയര്‍ന്ന ദേശബോധത്തോടെ അതിലേറെ അഭിമാനത്തോടെ കയ്യിലേന്തുന്ന ഇന്ത്യന്‍ പതാകയുടെ നിര്‍മാണം പോലും നടക്കുന്നത് ഇന്ത്യയിലല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വിശ്വസിച്ചേ തീരൂ. ഇന്ന് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന പതാകകളില്‍ വലിയൊരളവും ചൈനയില്‍ നിന്നും ഇറക്കുമതിചെയ്യുന്നതാണ്. -ദല്‍ഹിയിലെ ഒരു വ്യാപാരിയുടെ തുറന്നുപറച്ചിലാണ് ഇത്.

ചൈനീസ് നിര്‍മിത ഇന്ത്യന്‍ പതാക വിപണി കീഴടക്കിയതോടെ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇന്ത്യന്‍ പതാക നിര്‍മിച്ച് വിപണനം നടത്തിയിരുന്ന തനിക്ക് ഇപ്പോള്‍ ബിസിനസ് ഇല്ലാതായെന്ന് വ്യാപാരിയായ അബ്ദുള്‍ ഗഫാര്‍ അന്‍സാരി പറയുന്നു. കാച്ച് ന്യൂസിനോട്സം സാരിക്കുകയായിരുന്നു അദ്ദേഹം.

1962 മുതല്‍ ദല്‍ഹിയിലെ സാദാര്‍ ബസാറില്‍ തുന്നല്‍ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് രാഷ്ട്രീയസംഘനകള്‍ക്കും മതസംഘടനകള്‍ക്കും വേണ്ട പതാകകള്‍ നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ആ ജോലി മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോയി. അതിന് ശേഷമാണ് ഇന്ത്യന്‍ പതാകകള്‍ നിര്‍മിച്ച് വില്‍പ്പന നടത്താന്‍ ആരംഭിച്ചത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ മികച്ച രീതിയില്‍ തന്നെയായിരുന്നു ബിസിനസ് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അതില്‍ മാറ്റം വന്നു- അന്‍സാരി പറയുന്നു.


Dont Miss മോഹന്‍ ഭാഗവതിനെ ആത്മീയ നേതാവെന്ന് വിളിക്കരുത്; അത് ആത്മീയാചാര്യന്‍മാര്‍ക്ക് അപമാനം; പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയ സ്‌കൂള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും എം.ബി രാജേഷ്


സ്വാതന്ത്ര്യദിനം പ്രമാണിച്ച് ദേശീയ പതാകയ്ക്ക് വലിയ ഡിമാന്‍ഡാണ് ഉണ്ടാവാറ്. രണ്ട് മുറികളായിരുന്നു ദേശീയപതാക നിര്‍മാണത്തിനായി ഉപയോഗിക്കാറ്. ഒരു വര്‍ഷം ഇരുപതിനായിരം കൊടികള്‍ വിറ്റഴിക്കപ്പെടും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കൊടികള്‍ ചിലവാകുന്നില്ല. ജോലിക്കാര്‍ക്ക് ജോലിയും നഷ്ടപ്പെട്ടു. സ്വാതന്ത്ര്യദിനത്തിനും രണ്ട് മാസം മുന്‍പേ ഞങ്ങള്‍ ജോലി ആരംഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇത് വിറ്റഴിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യന്‍ ദേശീയ പതാക നിര്‍മിക്കുന്നത് ചൈനയിലാണ്. അവര്‍ അത് ഇവിടേക്ക് കയറ്റിയയക്കും. ചൈനയില്‍ നിര്‍മിച്ച നിരവധി ഉത്പ്പന്നങ്ങള്‍ നമ്മള്‍ ഇവിടെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ദേശീയ പതാക നിര്‍മിക്കാന്‍ അവരെ അനുവദിക്കരുതായിരുന്നു. കാരണം മറ്റൊന്നുമല്ല അവര്‍ക്കത് കൃത്യമായി നിര്‍മിക്കാന്‍ അറിയില്ല.- അന്‍സാരി പറയുന്നു.

ഇത് താന്‍ വെറുതെ പറയുന്നതല്ല. ഇന്ത്യന്‍ പതാക കൃത്യമായി നോക്കിയാല്‍ അത് മനസിലാകും. ഓറഞ്ച്, വെള്ള, പച്ച നിറം മാത്രമല്ല ഒരു വെള്ള ലൈന്‍ കൂടി ഇതിനിടെ കാണാം. പതാക നിര്‍മാണം എന്ന് പറയുന്നത് സമയമെടുത്ത് ചെയ്യേണ്ടതാണ്. കട്ടിങ്ങും സ്റ്റിച്ചിങ്ങും പ്രിന്റിങ്ങും പാക്കേജിങ് ഉള്‍പ്പെടെ. ഓരോ കൊടിയുടേയും വലിപ്പത്തിനനുസരിച്ചാവും പാക്കിങ്. ഒരൊറ്റ പതാക നിര്‍മിക്കാന്‍ മൂന്ന് നാല് മണിക്കൂറുകള്‍ വേണം. എന്നാല്‍ ചൈനയില്‍ നിന്നും ഇപ്പോള്‍ വരുന്നത് വെറും പ്രിന്റ് ചെയ്ത മോഡലുകളാണ്. അവയില്‍ ഒന്നുപോലും കൃത്യമായി ഉണ്ടാക്കിയതല്ല- അന്‍സാരി പറയുന്നു.


Dont Miss ദേശീയപതാക ഉയര്‍ത്താന്‍ മടി കാണിക്കുന്ന ആര്‍.എസ്.എസ് ഞങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വരേണ്ടെന്ന് മുസ്‌ലീങ്ങള്‍


ഞാന്‍ ഒരു മുസ്‌ലീമാണ്. എന്നാല്‍ ഞങ്ങളെ തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും ചിലര്‍ മുദ്രകുത്തുന്നത് കാണുമ്പോള്‍ വലിയവിഷമം തോന്നാറുണ്ട്. ജാതിയോ മതമോ നോക്കാതെ ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ് ഞങ്ങളും. ഞങ്ങളുടേതും കൂടിയാണ് ഇന്ത്യ. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ താത്പര്യത്തിന് വേണ്ടി സൃഷ്ടിക്കുന്ന ചില പ്രചരണമാണ് ഇതെല്ലാമെന്നും അന്‍സാരി പറയുന്നു.