വൈത്തിരി: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി ഗോകുലിനെയാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ കാണാതായ കേസില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. പിന്നാലെ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ച് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.
മാര്‍ച്ച് 26ന് കല്‍പ്പറ്റയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവര്‍ക്കൊപ്പം ഗോകുലും ഉണ്ടായിരുന്നു.
ശേഷം ഇവരെ കല്‍പ്പറ്റയില്‍ എത്തിച്ചെങ്കിലും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയും പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇതിനിടെയാണ് യുവാവ് ശുചിമുറിയിലേക്ക് പോയത്.
കുറേ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്നതില്‍ വ്യക്തതയില്ല.
കുറച്ച് ദിവസങ്ങളായി ഗോകുലിനെ കാണാനില്ലായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറിയിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും ഇയാള്‍ പ്രതികരിച്ചു.