നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
Kerala News
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2025, 12:42 pm

നിലമ്പൂര്‍: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനിയാണ് മരിച്ചത്.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിലാണ് സംഭവമുണ്ടായത്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ സരോജിനിയെ കാട്ടാന ആക്രമിക്കുകയും പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കാട്ടാനയുടെ ആക്രമണത്തില്‍  ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

വനത്തിനോട് ചേര്‍ന്ന സ്ഥലത്ത് തന്നെയാണ് സംഭവുമുണ്ടായിരിക്കുന്നത്. മുമ്പും കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് (5.1.25) നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് നിലമ്പൂര്‍ മാഞ്ചീരി സ്വദേശി മണി കൊല്ലപ്പെട്ടിരുന്നു. ഉള്‍വനത്തിലുള്ള ഊരിലേക്ക് പോകുന്നതിനിടെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.

സ്‌കൂളില്‍ നിന്നും ഊരുകളിലേക്ക് കുട്ടികളെയും കൊണ്ടുപോവുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. കൂടെ കുട്ടികളുള്ളതിനാല്‍ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മണിക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlight: Tribal woman dies in Nilambur attack