ആഷസ് പരമ്പരയിലെ പിങ്ക് ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്കെതിരെ ആധിപത്യം തുടര്‍ന്ന് കങ്കാരുക്കള്‍. ആഷസ് പമ്പരയിലെ അഞ്ചാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാണ് ഓസ്‌ട്രേലിയ കുതിക്കുന്നത്. വിശ്വപ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 134 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഓസീസ് കുതിക്കുന്നത്.
ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് കുതിക്കുന്നത്. ഹെഡ് 166 പന്തില്‍ 163 റണ്‍സടിച്ചപ്പോള്‍ 205 പന്ത് നേരിട്ട് പുറത്താകാതെ 129 റണ്‍സുമായാണ് സ്മിത് ബാറ്റിങ് തുടരുന്നത്.
24 ഫോറും ഒരു സിക്‌സറും അടക്കം 98.19 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് ഹെഡ് അഞ്ചാം ടെസ്റ്റില്‍ ബാറ്റ് വീശിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 12ാം സെഞ്ച്വറിയാണിത്.
ഇതോടെ ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട ഏഴ് വേദികളിലും ഹെഡ് ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഹെഡിന്റെ ആകെയുള്ള 12 ടെസ്റ്റ് സെഞ്ച്വറികളില്‍ 11ഉം സ്വന്തം മണ്ണിലാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 2023ല്‍ ഓവലില്‍ നേടിയ 163 റണ്‍സാണ് ഹെഡിന്റെ ഏക ഓവര്‍സീസ് ടെസ്റ്റ് സെഞ്ച്വറി.
പിങ്ക് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 242 പന്ത് നേരിട്ട താരം 160 റണ്‍സുമായാണ് മടങ്ങിയത്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം, ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്തുകയും ചെയ്തു. 41ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറിയാണ് റൂട്ട് സിഡ്‌നിയില്‍ നേടിയത്.
ഹാരി ബ്രൂക്ക് (84), ജെയ്മി സ്മിത് (46) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഓസ്‌ട്രേലിയക്കായി മൈക്കല്‍ നെസര്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌കോട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതവും കാമറൂണ്‍ ഗ്രീന്‍, മാര്‍നസ് ലബുഷാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Travis Head scored century in Sydney