ഗില്‍ക്രിസ്റ്റ് വാഴുന്ന റെക്കോഡില്‍ രണ്ടാം തവണയും ഹെഡ്ഡിന്റെ പടയോട്ടം!
Sports News
ഗില്‍ക്രിസ്റ്റ് വാഴുന്ന റെക്കോഡില്‍ രണ്ടാം തവണയും ഹെഡ്ഡിന്റെ പടയോട്ടം!
ശ്രീരാഗ് പാറക്കല്‍
Tuesday, 6th January 2026, 9:14 am

ആഷസ് ട്രോഫിയിലെ അവസാന മത്സരം സിഡ്‌നിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ക്രീസിലുള്ളത് 42* റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും ഒമ്പത് റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുമാണ്.

അതേസമയം ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ട്രാവിസ് ഹെഡ് മടങ്ങിയത്. 166 പന്തില്‍ 163 റണ്‍സാണ് താരം അടിച്ചെടുത്തത്. 24 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഹെഡ്ഡിന്റെ ഇന്നിങ്‌സ്.

തന്റെ ടെസ്റ്റ് കരിയറിലെ 12ാം സെഞ്ച്വറിയാണ് ഹെഡ് സിഡ്‌നിയില്‍ സ്വന്തമാക്കിയത്. സിഡ്‌നിയില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. സ്വന്തമാക്കുന്നത്. മാത്രമല്ല ഈ സീരീസില്‍ ഹെഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്.

മികച്ച പ്രകടനം നടത്തിയതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ തന്റെ പേര് വീണ്ടും എഴുതിച്ചേര്‍ക്കാന്‍ ഹെഡ്ഡിന് സാധിച്ചിരിക്കുകയാണ്. ആഷസ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനാണ് ഹെഡ്ഡിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റാണ്. 141 പന്തില്‍ നിന്നാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലെത്തിയത്. നേരത്തെ ഈ ലിസ്റ്റില്‍ രണ്ടാമനാകാന്‍ ഹെഡ്ഡിന് സാധിച്ചിരുന്നു. നിലവില്‍ നാലാം സ്ഥാനത്ത് സാക് ക്രോളിക്കൊപ്പമാണ് ഹെഡ് ഈ നേട്ടം പങ്കിടുന്നത്.

ട്രാവിസ് ഹെഡ് സിഡ്‌നിയില്‍ സെഞ്ച്വറി നേടിയപ്പോള്‍ – Photo: ESPNCricinfo/x.com

ആഷസ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടുന്ന താരങ്ങള്‍, പന്ത് (വര്‍ഷം)

ആദം ഗില്‍ക്രിസ്റ്റ് – 141 (2001)

ട്രാവിസ് ഹെഡ് – 143 (2021)

സാക് ക്രോളി – 152 (2023)

ട്രാവിസ് ഹെഡ് – 152 (2026)

ഇതിന് പുറമെ 2025-26 ആഷസ് ട്രോഫിയില്‍ 600+ റണ്‍സ് പിന്നിടുന്ന ആദ്യ താരമാകാനും ഹെഡ്ഡിന് സാധിച്ചിരിക്കുകയാണ്. മത്സരത്തില്‍ ജേക്കബ് ബെഥലാണ് ഹെഡ്ഡിനെ പുറത്താക്കിയത്.

24 റണ്‍സ് നേടിയ മൈക്കല്‍ നെസറിനെ ബ്രൈഡന്‍ കാഴ്‌സും ജെയ്ക്ക് വെതറാള്‍ഡ് (21), മാര്‍നസ് ലബുഷാന്‍ (48) എന്നിവരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് പുറത്താക്കിയത്.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്.

Content Highlight: Travis Head In Great Record List Of Ashes History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ