ആഷസ് ട്രോഫിയിലെ അവസാന അങ്കം സിഡ്‌നിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തുന്നത് ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ്. നിലവില്‍ 149 പന്തില്‍ 141 റണ്‍സുമായാണ് താരം ക്രീസില്‍ നിലയുറപ്പിച്ചത്. 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഹെഡ് സിഡ്‌നിയില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുന്നത്. നേരിട്ട 105ാം പന്തിലായിരുന്നു ഹെഡ് തന്റെ ടെസ്റ്റ് കരിയറിലെ 12ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ സീരീസില്‍ ഹെഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്.
ഇതിന് പുറമെ 2025-26 ആഷസ് ട്രോഫിയില്‍ 500+ റണ്‍സ് പിന്നിടുന്ന ആദ്യ താരമാകാനും ഹെഡ്ഡിന് സാധിച്ചിരുന്നു. ആഷസിന്റെ ചരിത്രത്തില്‍ 2019ല്‍ ഓസീസിന്റെ സ്റ്റീവ് സ്മിത്തിന് ശേഷം 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ട്രാവിസ് ഹെഡ്ഡിന് കഴിഞ്ഞു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മധ്യ നിരയില്‍ ബാറ്റ് ചെയ്ത ഹെഡ്ഡ് 400+ റണ്‍സും നേടിയിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയയുടെ വജ്രായുധമാണ് ഹെഡ്ഡെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാവുന്നതാണ്.
അതേസമയം മത്സരത്തില്‍ ട്രാവിസ് ഹെഡ്ഡിനൊപ്പം ബാറ്റ് ചെയ്യുന്നത് സ്റ്റീവ് സ്മിത്താണ് (8). 24 റണ്‍സ് നേടിയ മൈക്കല്‍ നെസറിനെയാണ് ഓസീസിന് അവസാന മായി നഷ്ടപ്പെട്ടത്. ബ്രൈഡന്‍ കാഴ്‌സിനാണ് വിക്കറ്റ്. മത്സരത്തില്‍ ജെയ്ക്ക് വെതറാള്‍ഡ് (21), മാര്‍നസ് ലബുഷാന്‍ (48) എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. ഇരുവരുടേയും വിക്കറ്റ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനാണ്.
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്.
Content Highlight: Travis Head In Great Performance In Ashes Trophy Against England