കൈവിട്ട ക്യാച്ചിന് അനുഭവിക്കേണ്ടി വരും, ഈ പോക്ക് ഡബിള്‍ സെഞ്ച്വറിയിലേക്കാ...; ആഷസില്‍ കുതിപ്പുമായി ഓസീസ്
Sports News
കൈവിട്ട ക്യാച്ചിന് അനുഭവിക്കേണ്ടി വരും, ഈ പോക്ക് ഡബിള്‍ സെഞ്ച്വറിയിലേക്കാ...; ആഷസില്‍ കുതിപ്പുമായി ഓസീസ്
ശ്രീരാഗ് പാറക്കല്‍
Friday, 19th December 2025, 4:18 pm

ആഷസ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോറിലേക്കാണ് ഓസീസ് പട കുതിക്കുന്നത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് 356 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ടീം നേടിയത്. സൂപ്പര്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന്റെ കരുത്തിലാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തുന്നത്.

നിലവില്‍ പുറത്താകാതെ 196 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 142* റണ്‍സാണ് താരം അടിച്ചെടുത്തത്. ഓപ്പണിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം നാലാം ദിവസം ഡബിള്‍ സെഞ്ച്വറി നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയില്‍ ആദ്യ ടെസ്റ്റിലും ഹെഡ് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

അതേസമയം 99 റണ്‍സ് എന്ന നിലവില്‍ ട്രാവിസ് ഹെഡ് ബാറ്റ് ചെയ്യുമ്പോള്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ എഡ്ജായ താരം സ്ലിപ്പിലുള്ള ഹാരി ബ്രൂക്കിന്റെ കയ്യിലാകുമായിരുന്നു. എന്നാല്‍ ലൈഫ് ലൈന്‍ ലഭിച്ചതോടെ ജോ റൂട്ട് എറിഞ്ഞ അടുത്ത ഓവറില്‍ ഫോര്‍ അടിച്ചാണ് സെഞ്ച്വറിയിലെത്തിയത്.

മത്സരത്തില്‍ ഹെഡ്ഡിനൊപ്പം ക്രീസിലുള്ളത് അലക്‌സ് കാരിയാണ്. 91 പന്തില്‍ 52 റണ്‍സടിച്ചാണ് താരം കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത്. ഇതോടെ 100+ റസിന്റെ പാര്‍ടണര്‍ഷിപ്പും താരങ്ങള്‍ നേടി.

മത്സരത്തില്‍ ഇരുവര്‍ക്കും പുറമെ ഉസ്മാന്‍ ഖവാജ 51 പന്തില്‍ 41 റണ്‍സ് നേടി മികവ് പുലര്‍ത്തി. ത്രീലയണ്‍സിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ജോഷ് ടങ്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും മൂന്നാം ദിനം നേടി.

Content Highlight: Travis Head Achieve Century In Third Match On Ashes 2025

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ