അനേകം രാജവംശങ്ങളുടെ കഥപറയാനുണ്ട് രണ്‍ഥംഭോര്‍ കോട്ടയ്ക്ക്. . .
Travel Info
അനേകം രാജവംശങ്ങളുടെ കഥപറയാനുണ്ട് രണ്‍ഥംഭോര്‍ കോട്ടയ്ക്ക്. . .
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 11:59 pm
700 അടി ചുറ്റളവില്‍ പരന്ന പ്രതലത്തില്‍ തന്ത്രപരമായ സ്ഥാനത്താണ് നാഗിലുകള്‍ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. നാഗവംശി പരമ്പരയില്‍പ്പെട്ട നാഗിലുകളുടെ സൃഷ്ടിയാണിത്. രാജ സജ്രാജ് വീര്‍ സിങ് നാഗില്‍ കോട്ടയുടെ ആദ്യ ഭരണാധികാരി

 

ഇന്ത്യയിടെ വളരെ പ്രധാനപ്പെട്ട കോട്ടകളും രാജവംശങ്ങളുടെ ശേഷിപ്പുകളും ഉള്ള ഇടമാണ് രാജസ്ഥാന്‍. ഇന്ത്യ സ്വതന്ത്രമാവുന്നത് വരെ ജയ്പൂര്‍ മഹാരാജാക്കന്‍മാരുടെ നായാട്ടുകേന്ദ്രമായിരുന്ന രണ്‍ഥംഭോര്‍ കോട്ട ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്.

 

സവായ് മധേപൂര്‍ ജില്ലയിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിനകത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഈ കോട്ട ഇടം പിടിച്ചിട്ടുണ്ട്.

 

 

ചൗഹാന്‍ രാജവംശത്തിലെ ഹമ്മിര്‍ ദേവിന്റെ ധീരതകളുടെ ബാക്കി പത്രമാണ് ഈ കോട്ട.12ആം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന സിദ്ധസെനാസുരി ജൈന മത പണ്ഡിതന്‍ ഈ സ്ഥലം ജൈനന്‍മാരുട വിശുദ്ധ തീര്‍ത്ഥ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് കോട്ടക്കുള്ളിലെ മല്ലിനാഥ ക്ഷേത്രം.

700 അടി ചുറ്റളവില്‍ പരന്ന പ്രതലത്തില്‍ തന്ത്രപരമായ സ്ഥാനത്താണ് നാഗിലുകള്‍ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. നാഗവംശി പരമ്പരയില്‍പ്പെട്ട നാഗിലുകളുടെ സൃഷ്ടിയാണിത്. രാജ സജ്രാജ് വീര്‍ സിങ് നാഗില്‍ കോട്ടയുടെ ആദ്യ ഭരണാധികാരി. 20,000ആയിരം ഭടന്‍മാരും 10,000 കുതിരപ്പടയും ഉള്‍പ്പെട്ട ചെറിയ ഒരു സൈന്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു.അശോകന്റെ കാലയളവില്‍ നാഗില്‍ ഗോത്രങ്ങള്‍ ബുദ്ധമതം സ്വീകരിക്കുകയും ഇവിടെ ബുദ്ധന്റെ ഭര്‍ഹൂത് സതൂപം സ്ഥാപിക്കുകയും ചെയ്തു.

പല ഭരണാധികാരികളുടെയും വംശങ്ങളുടെയും കൈകളിലൂടെ കടന്ന് കോട്ട 1569ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറുടെ അധീനതയിലെത്തി. 1949ലാണ് ജയ്പൂര്‍ ഇന്ത്യയുടെ ഭാഗമായി മാറിയത്. അതു കൊണ്ട് തന്നെ വിവിധ ഭരണാധികാരികളുടെ ചരിത്രം ഇവിടെയുണ്ട്.

12, 13 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളാണ് കോട്ടക്കുള്ളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രാജസ്ഥാനിലെ ചുവന്ന കരൗലി കല്ലില്‍ നിര്‍മ്മിച്ച ഗണേഷ, ശിവ, രാംലാലാജി ക്ഷേത്രങ്ങളാണ് ഇവ. ജൈനമതത്തിലെ അഞ്ചാമത്തെ തീര്‍ത്ഥങ്കരനായ സുമതിനാഥന്‍ന്റെ പേരിലും മൂന്നാമത്തെ ജൈന തീര്‍ഥങ്കരനായ സംഭവനാഥന്റെ പേരിലുമുള്ള രണ്ടു ജൈന ക്ഷേത്രങ്ങളും കോട്ടക്കുള്ളില്‍ സ്ഥിതിചെയ്യുന്നു.