കോടമഞ്ഞരിച്ചിറങ്ങുന്ന കോട്ടപ്പാറ
Travel Info
കോടമഞ്ഞരിച്ചിറങ്ങുന്ന കോട്ടപ്പാറ
ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 12:38 am

വിനോദ സഞ്ചാരികളെ തന്റെ സൗന്ദര്യത്താല്‍ മാടി വിളിക്കുകയാണ് കോട്ടപ്പാറ , അങ്ങ് എറണാകുളം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് മഞ്ഞു മൂടിയ ഈ മലനിര ഉള്‍പ്പെടുന്നത്. സഞ്ചാരികള്‍ മാത്രമല്ല, അതിലുപരി ഇവര്‍ക്കൊപ്പം ഒട്ടനവധി പ്രകൃതി സ്‌നേഹികളും ഇതിനകം ഇവിടം തേടി എത്തിക്കഴിഞ്ഞിരിക്കുന്നു. പ്രഭാതത്തിലേയും സായാഹ്നത്തിലേയും കോടമഞ്ഞ് ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നതിനാല്‍ തന്നെസാധാരണയിലധികം ഒരു പ്രത്യേക ഭംഗി ഉണ്ടാവും.

കൂടാതെ മനോഹരമായ വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറയിലെ പ്രഭാതങ്ങള്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വണ്ണപ്പുറം- മുള്ളരിങ്ങാട് റൂട്ടില്‍ വണ്ണപ്പുറത്തു നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടപ്പാറയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ കാണാന്‍ കഴിയും. ദിനംപ്രതി അനേകം സഞ്ചാരികള്‍ കോട്ടപ്പാറയിലെ മഞ്ഞും കുളിരും അനുഭവിച്ചറിയാനെത്തുന്നു.

 

എന്നാലിത് മാത്രമല്ല കേട്ടോ, കോട്ടപ്പാറയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കോടമഞ്ഞ് മൂടി കിടക്കുന്ന കാഴ്ചയാണ്ഈ , കാഴ്ച്ച ഒന്ന് കണ്ടാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും ആര്‍ക്കും പെട്ടെന്ന് മറക്കാനാവില്ല. എന്നാല്‍ ഈ അപൂര്‍വ്വമായ കണ്ണിന് കുളിര്‍മയേകുന്ന നവ്യാനുഭവം പകരുന്ന കാഴ്ച്ച അതിരാവിലെ മുതല്‍ വെയില്‍ പരക്കുന്നതുവരെയാണ് കാണാന്‍ കഴിയുകയുളളൂ.

എന്നാല്‍ തലേ ദിവസം വൈകുന്നേരം നന്നായി മഴപെയ്യുന്ന പ്രഭാതങ്ങളിലാന്ന് കോടമഞ്ഞിന്റെ മനോഹാരിത കൂടുതലായി കാണപ്പെടുന്നത്. മഞ്ഞ് മാറുന്നതോടെ വണ്ണപ്പുറം ടൗണിന്റെയും മറ്റു സമീപ പ്രദേശങ്ങളുടെയും വിദൂര കാഴ്ച അതി മനോഹരമാണ്. സമൂഹമാധ്യമങ്ങളില്‍ കൂടി കേട്ടറിഞ്ഞ പ്രകൃതി സൗന്ദര്യം തേടി നൂറുകണക്കിനാളുകളാണ് ദിവസവും കോട്ടപ്പാറയില്‍ എത്തുന്നത്. പുലര്‍ച്ചെ രണ്ടു മുതല്‍ ഇവിടെ സഞ്ചാരികള്‍ എത്തി തുടങ്ങും. ചുരുക്കി പറഞ്ഞാല്‍ കോട്ടപ്പാറയെ സഞ്ചാരികള്‍ നെഞ്ചേറ്റി കഴിഞ്ഞു.

ഏതൊരു സഞ്ചാരിയുടെയും കണ്ണും മനസും നിറക്കുന്ന കോട്ടപ്പാറയിലേക്കെത്താന്‍ മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തു നിന്നും 28 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററുമാണ് ദൂരം.ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തൊട്ടടുത്ത് തന്നെയുള്ള തൊമ്മന്‍കുത്ത്, മീനുളിയാന്‍ പാറ, കാറ്റാടി കടവ് തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ച് മടങ്ങാം. എല്ലാ വാഹനങ്ങളും വ്യൂ പോയിന്റിനടുത്ത് എത്തിച്ചേരുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കോട്ടപ്പാറയിലെത്തിയാല്‍ മടങ്ങാന്‍ മനസ് മടിക്കും , അത്രമേല്‍ പ്രണയാതീതമായ കാഴ്ച്ചകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്.