രാത്രിയാത്രയ്ക്കിടെ അപകടം ഒഴിവാക്കാന്‍ 'വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ'
Travel Diary
രാത്രിയാത്രയ്ക്കിടെ അപകടം ഒഴിവാക്കാന്‍ 'വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ'
ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 11:59 pm

രാത്രിയാത്രയ്ക്കിടെ ഡ്രൈവറുടെ ഉറക്കം തൂങ്ങല്‍ പലപ്പോഴും അപകടം വിളിച്ചുവരുത്താറുണ്ട്. ജഗതി ശ്രീകുമാറിനും ബാലഭാസ്‌കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിലും ഡ്രൈവറുടെ ഉറക്കം വില്ലനായിട്ടുണ്ട്. യാത്രയുടെ ഇടയില്‍ ഉണ്ടാവുന്ന അഞ്ചോ പത്തോ നിമിഷത്തെ ഉറക്കം മതി വലിയ അപകടം ഉണ്ടാവാന്‍. യാത്രയുടെ ഇടയില്‍ ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് ശാസ്ത്ര ഗവേഷകനായ സുരേഷ് സി പിള്ള നിര്‍ദേശിച്ച പോംവഴികള്‍

1. “Stop, Sip, Sleep”. അതായത് “വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ” അയര്‍ലണ്ടില്‍ ഉള്ള റോഡ് സേഫ്റ്റി അതോറിട്ടി FM റേഡിയോ, TV വഴിയൊക്കെ സ്ഥിരമായി പരസ്യ പ്രസ്താവന നടത്തുന്നതാണ് ഇത്. ദൂര യാത്രകള്‍ പോകുമ്പോള്‍ നിങ്ങള്‍ ഡ്രൈവ് ചെയ്യുകയോ, അല്ലെങ്കില്‍ ഡ്രൈവറെ കൂട്ടി പോകുകയോ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഓര്‍ക്കേണ്ട കാര്യമാണ്. “Stop, Sip, Sleep” അതായത്, ക്ഷീണം തോന്നുകയോ, ഉറക്കം വരുന്നതായി തോന്നുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ വാഹനം സുരക്ഷിതമായി ഒരു സ്ഥലത്തു നിര്‍ത്തുക (Stop). ദൂര യാത്രകളില്‍ ഒരു ഫ്‌ളാസ്‌കില്‍ ചൂടു കാപ്പിയോ, ചായയോ തീര്‍ച്ചയായും കരുതണം. വണ്ടി നിര്‍ത്തി തണുത്ത വെള്ളത്തില്‍ മുഖം ഒക്കെ ഒന്ന് കഴുകി, കാപ്പി കുടിക്കാം (Sip). വേണമെങ്കില്‍ 15 മിനിട്ട് ഉറങ്ങാം (Sleep). നിങ്ങളുടെ കൂടെ ഡ്രൈവര്‍ ഉണ്ടെങ്കില്‍ അവരോട് “Stop, Sip, Sleep” എന്താണ് എന്ന് പറഞ്ഞു കൊടുക്കുക. ക്ഷീണം തോന്നുക ആണെങ്കില്‍ വണ്ടി നിര്‍ത്തുന്നതില്‍ ഒരു വിരോധവും ഇല്ല എന്ന് പ്രത്യേകം പറയാം. ദൂരെ യാത്രകളില്‍ ഒരു മന്ത്രം പോലെ കരുതേണ്ടതാണ് “Stop, Sip, Sleep” എന്നത്.


2. നിങ്ങള്‍ ഒരു ദൂര യാത്ര പോകുന്നു എന്ന് കരുതുക, ഉദാഹരണത്തിന് ഊട്ടിക്കു പോകുന്നു. കൂടെ ഡ്രൈവര്‍ ഉണ്ട്. രാത്രി അദ്ദേഹം എങ്ങിനെയാണ് ഉറങ്ങുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോളും കാറില്‍ തന്നെ ആവും ഉറക്കം. കാറില്‍ ഇരുന്ന് ഒരിക്കലും നന്നായി ഉറങ്ങാന്‍ പറ്റില്ലല്ലോ? ആ ഉറക്ക ക്ഷീണവും ആയാവും അടുത്ത ദിവസം യാത്ര. അപകടം ഉണ്ടാവാന്‍ ഇതു മതി. വിനോദ യാത്രകള്‍ Overnight (രായ്ക്കുരാമാനം)യാത്ര ആണെങ്കില്‍ നിങ്ങളുടെ താമസം ഒരുക്കുന്ന കൂട്ടത്തില്‍ ഹോട്ടലില്‍/വിശ്രമ കേന്ദ്രത്തില്‍ ഒരു ബെഡ് ഡ്രൈവര്‍ക്കും കൂടി ബുക്ക് ചെയ്യാന്‍ മറക്കരുതേ. യാത്രകള്‍ പ്ലാന്‍ ചെയുമ്പോള്‍ ഇതും കൂടി പ്ലാന്‍ ചെയ്തു വേണം ബഡ്ജറ്റ് ഉണ്ടാക്കാന്‍. കാരണം നിങ്ങളുടെ ജീവന്‍ ഡ്രൈവറുടെ കൈകളില്‍ ആണ്. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ്.

3. കഴിവതും രാത്രി അല്ലെങ്കില്‍ അതി രാവിലെ ഉള്ള യാത്രകള്‍ ഒഴിവാക്കുക. പല പഠനങ്ങളിലും പറഞ്ഞിരിക്കുന്നത് ഉറക്കം മൂലം ഉണ്ടായ കൂടുതല്‍ വാഹന അപകടങ്ങളും രാത്രി രണ്ടു മണിക്കു ശേഷവും രാവിലെ ആറു മണിക്ക് മുന്‍പും ആണെന്നാണ്.

4. യാത്ര ചെയ്യുന്നതിന്റെ മുന്‍പത്തെ രാത്രി നന്നായി ഉറങ്ങണം. അഞ്ചു മണിക്കൂര്‍ എങ്കിലും ഉറങ്ങി ഇല്ലെങ്കില്‍ ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കരുത്.


5. തുടര്‍ച്ചയായി ഡ്രൈവ് ചെയ്യുന്ന സമയത്ത് കൃത്യമായി ഓരോ രണ്ടു മണിക്കൂറിലും പതിനഞ്ചു മിനിറ്റ് വിശ്രമിക്കണം.

6. എങ്ങിനെ ക്ഷീണം/ഉറക്കം വരുന്നു എന്നറിയാം? കോട്ടുവായിടല്‍ (yawning), കണ്ണുകളില്‍ കനം, ക്ഷീണം അനുഭവിക്കുക, ഡ്രൈവിങ്ങില്‍ അശ്രദ്ധ തോന്നുക, ജാഗ്രതകുറവ് ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം ഉറക്കം നിങ്ങളെ പിടികൂടാന്‍ തുടങ്ങി എന്ന്. ഓര്‍ക്കുക ഒരു അഞ്ചു നിമിഷം കണ്ണടച്ചാല്‍ എന്താവും സംഭവിക്കുക എന്ന്? അതുകൊണ്ട് നമ്മുടെ ഡ്രൈവിംഗ് മന്ത്രം ഓര്‍ക്കുക “Stop, Sip, Sleep” “വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ”