മഴയില്‍ മനോഹരിയാവുന്ന ആഢ്യന്‍ പാറ വെള്ളച്ചാട്ടം
travel info
മഴയില്‍ മനോഹരിയാവുന്ന ആഢ്യന്‍ പാറ വെള്ളച്ചാട്ടം
ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 11:56 pm

യാത്രപോകാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. മലകളും പുഴകളും കുന്നുകളും കാടുകളും ഒക്കെയായി മനോഹരമായ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ക്ക് എന്നും താല്‍പ്പര്യമാണ്.

ഇതില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ കാര്യം പറയുകേ വേണ്ട. മനോഹരമായ കാഴ്ചയാണത്. മലമുകളില്‍ നിന്ന് ഒലിച്ച് വരുന്ന വെള്ളം ശക്തിയായി വീഴുന്നത് കാണാന്‍ വല്ലാത്തൊരു ഭംഗിയാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. അത്തരത്തില്‍ ഒരു വെള്ളച്ചാട്ടമാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം സ്ഥതി ചെയ്യുന്നത്.

നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാര്‍ പഞ്ചായത്തിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്.

നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന, വേനല്‍കാലങ്ങളില്‍ പോലും വറ്റാത്ത നീരുറവകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാര്‍മുക്കില്‍ വെച്ച് ചാലിയാറില്‍ ചേരുന്നു.

ആഢ്യന്‍ പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നമാണ്. നിരവധി സഞ്ചാരികളാണ് കാഴ്ചകള്‍ക്കായി ഇവിടെ എത്താറുള്ളത്.