മുഴപ്പിലങ്ങാട്;കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്
Travel Diary
മുഴപ്പിലങ്ങാട്;കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്
ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 12:15 am

കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ചാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചും മുഴപ്പിലങ്ങാട് ബീച്ച് ആണ്

5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.

നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ (ഡ്രൈവ്-ഇന്‍-ബീച്ച്) കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാല്‍ ആണ് സുരക്ഷിതമായി കടലില്‍ ഇറങ്ങാന്‍ സാധിക്കുന്നത്

ഈ പ്രദേശത്തിന്റെ കാലാവസ്ഥയെയും ജനജീവിതത്തെയും ബീച്ച് ഗണ്യമായ തോതില്‍ സ്വാധീനിക്കുന്നുണ്ട്. സായാഹ്നങ്ങളില്‍ വിശ്രമിക്കാനും, തീരത്തിലൂടെ വാഹനമോടിക്കാനും, കാറ്റുകൊള്ളാനുമായി അനേകം ആളുകള്‍ നിത്യേന മുഴപ്പിലങ്ങാട് ബീച്ചില്‍ എത്തിച്ചേരുന്നുണ്ട്.

എങ്ങിനെ എത്തിച്ചേരാം

കണ്ണൂര്‍ നിന്ന് പതിനഞ്ച് കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരവുമാണ് ഈ ബീച്ചിലേക്കുള്ളത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ എടക്കാട് ആണ്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളു.