അരിശുമൂട്ടില്‍ അപ്പുകുട്ടനും തൈപ്പറമ്പില്‍ അശോകനും പരസ്പ്പരം തമ്മിതല്ലിയും പാരവെച്ചും നടന്ന നാട്ടിലേക്ക് വിസയില്ലാതെ പറക്കാം 
Travel Diary
അരിശുമൂട്ടില്‍ അപ്പുകുട്ടനും തൈപ്പറമ്പില്‍ അശോകനും പരസ്പ്പരം തമ്മിതല്ലിയും പാരവെച്ചും നടന്ന നാട്ടിലേക്ക് വിസയില്ലാതെ പറക്കാം 
ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 11:55 pm

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ നഗരമാണ് പോഖറാ. അരിശുമൂട്ടില്‍ അപ്പുകുട്ടനും തൈപ്പറമ്പില്‍ അശോകനും പരസ്പ്പരം തമ്മിതല്ലിയും പാരവെച്ചും നടന്ന നാട് തന്നെ. നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) പോഖറായാണ്.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്.

ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഢ വനങ്ങളും സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടേയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം.

നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം. ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്.

പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ ഈ പട്ടണം. പാരാഗ്ലൈഡിങ്, സ്‌കൈ ഡൈവിങ്, സിപ്ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ട്രക്കിങ്ങുകള്‍, പര്‍വ്വതാരോഹണം തുടങ്ങിയവയ്ക്കൊക്കെ പോഖറായില്‍ അവസരങ്ങളുണ്ട്.

കാഠ്മണ്ഡുവില്‍ നിന്നു ദിവസവും രാവിലെ പോഖറായിലേക്ക് ടൂറിസ്റ്റ് ബസ് സര്‍വീസുണ്ട്. അഞ്ച്-ആറ് മണിക്കൂറെടുക്കുന്ന യാത്രയാണിത്. 25 മിനിറ്റ് പറന്നാല്‍ പോഖറായിലെത്തുന്ന ചെറുവിമാനങ്ങളും കാഠ്മണ്ഡുവില്‍ നിന്ന് ലഭ്യമാണ്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്ക് സഞ്ചരിക്കാന്‍ വിസ ആവശ്യമില്ല. ഇന്ത്യന്‍ പാസ്പോര്‍ട്ടോ, ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി കയ്യില്‍ കരുതണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കൈവശം കരുതേണ്ടതാണ്.