പിസ പ്രേമികളെ കാത്തിരിക്കുന്ന 'മ്യൂസിയം ഓഫ് പിസ'
Travel Diary
പിസ പ്രേമികളെ കാത്തിരിക്കുന്ന 'മ്യൂസിയം ഓഫ് പിസ'
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 11:27 pm

അമേരിക്കയുടെ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പിസ മ്യൂസിയം ആരംഭിച്ചിരിക്കുകയാണ്. മ്യൂസിയം ഓഫ് പിസയില്‍ നിരവധി ആകര്‍ഷകമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ബ്രുക്ലിനിലെ വില്യം വാലെ ഹോട്ടലിന് അടുത്താണ് ഈ മ്യൂസിയം. പലതരം കലകള്‍, വലിയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റൊലേഷന്‍ എന്നിവ മ്യൂസിയത്തില്‍ ഉണ്ട്. “മോപ്പി” എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. ഈ മാസം തുറന്ന മ്യൂസിയത്തില്‍ ഇതുവരെ 6000 പേരാണ് എത്തിയത്.

ആകര്‍ഷകമായ തിളക്കമേറിയ നിറങ്ങളാണ് മ്യൂസിയത്തിലെ മറ്റൊരു പ്രത്യേകത. ലളിതകലയുടെ ലോകത്തേക്ക് ആളുകളെ എത്തിക്കുക എന്നാണ് മോപ്പിയുടെ ലക്ഷ്യം. യുവാക്കള്‍ക്ക് 35 ഡോളര്‍ (ഏകദേശം 2532 രൂപ) ആണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം സൗജന്യമാണ്.


“ചിലപ്പോള്‍ ഏറ്റവും ലളിതമായ ആശയങ്ങള്‍ ആയിരിക്കും ഏറ്റവും മികച്ചത്. കൂടുതല്‍ കലകളും അതോടൊപ്പം സര്‍വ്വവ്യാപിയായ പിസയുടെ ചരിത്രവും ഒരു വ്യത്യസ്ത  രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. മ്യൂസിയം ഓഫ് പിസ സ്ഥാപിക്കാനായി പല കലാകാരന്മാരുമായി സംസാരിച്ചു, പിസ കൊണ്ട് കലാപരമായി എന്തൊക്കെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു”, മ്യൂസിയം ഓഫ് പിസ എന്ന ആശയം കൊണ്ടു വന്ന നെയിംലെസ്സ് നെറ്റ്വര്‍ക്ക് ചീഫ് കണ്ടന്റ് ഓഫീസര്‍ അലെക്‌സാണ്ടറോ സെറിയോ പറഞ്ഞു.

“കൂടുതല്‍ കൗമാരക്കാരെ ആകര്‍ഷിക്കാനായി ഒരു സെല്‍ഫി സൗഹൃദ മ്യൂസിയമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മറ്റു മ്യൂസിയങ്ങള്‍ക്ക് ഒരു മാതൃകയാണ്. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മ്യൂസിയം ഓഫ് ഐസ്‌ക്രീം പോലുള്ള കൗമാരക്കാരെ ആകര്‍ഷിക്കുന്ന നിരവധി മ്യൂസിയങ്ങളും ആരംഭിക്കും. പ്രദര്‍ശനങ്ങള്‍ കൂടുതല്‍ കൗതുകമേറിയതും ഫോട്ടോഗ്രഫി സൗഹൃദവും ആകും.” അലെക്‌സാണ്ടറോ സെറിയോ പറയുന്നു.


സ്വയം ഒരു പിസ പ്രേമിയെന്ന് വിശേഷിപ്പിക്കുന്ന ലിഡിയ മേലെന്‍ഡെസ് പറയുന്നത് തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് മ്യൂസിയം സമ്മാനിച്ചതെന്നാണ്. “മടുപ്പിക്കുന്ന അനുഭവമായിരിക്കും ഇത് നല്‍കുക എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ മ്യൂസിയം ഞാന്‍ വിചാരിച്ചതിലും അപ്പുറമായിരുന്നു.” എന്നാണ് ലിഡിയ പറയുന്നത്.

ന്യൂജേഴ്സിയില്‍ നിന്നും എത്തിയ നെനെ റായെ പറയുന്നത്, “മറ്റു മ്യൂസിയങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് മ്യൂസിയം ഓഫ് പിസ. ഇവിടുത്തെ പിസ ബോക്സുകള്‍ നിരവധി വിവരങ്ങള്‍ നല്‍കുന്നു. വിവരങ്ങള്‍, വിനോദം അങ്ങനെ എല്ലാം കൂടിച്ചേര്‍ന്ന ഒരു ഇടമാണിത്” എന്നാണ്.