കന്യാകുമാരി: ത്രിവേണി സംഗമത്തിലെ പ്രണയത്തിന്റെ തുരുത്ത്
Travel Diary
കന്യാകുമാരി: ത്രിവേണി സംഗമത്തിലെ പ്രണയത്തിന്റെ തുരുത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 11:23 pm

മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്റെ തുരുത്താണ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

ദ്രാവിഡ ദേവതയായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടകാരാണ്.


കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം.

വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ പാറയിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല.

ആഴം കൂടിയ കടലിടുക്കാണിത്. ബോട്ടില്‍ കയറി സ്മാരകത്തിലെത്താം. സഞ്ചാരികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സൂര്യാസ്തമയം. ഉദയവും അസ്തമയവും ഒരുപോലെ കാണാന്‍ പറ്റുന്ന അപൂര്‍വ്വം സ്ഥലമാണ് കന്യാകുമാരി. സൂര്യന്റെ പൂര്‍ണ മനോഹാരിത സഞ്ചാരിക്ക് ഹരം പകരും.


മറ്റൊരു ആകര്‍ഷണം ഗാന്ധി മണ്ഡപമാണ്. ഗാന്ധിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യുന്നതിന് മുമ്പ് ജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ച സ്ഥലത്ത് നിര്‍മിച്ചതാണ് ഗാന്ധി മണ്ഡപം.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സൂര്യന്റെ ആദ്യകിരണം മണ്ഡപത്തില്‍ പതിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റ ദിവസത്തെ യാത്ര ആലോചിക്കുന്നവര്‍ക്ക് പോകാവുന്ന സ്ഥലമാണ് കന്യാകുമാരി.