ട്രാന്‍സ്ജെന്റേഴ്‌സിനെ തഴയുന്ന എന്‍.സി.സി; നിയമപോരാട്ടത്തിനൊരുങ്ങി മലപ്പുറത്തുകാരിയായ ട്രാന്‍സ് വുമണ്‍
Details Story
ട്രാന്‍സ്ജെന്റേഴ്‌സിനെ തഴയുന്ന എന്‍.സി.സി; നിയമപോരാട്ടത്തിനൊരുങ്ങി മലപ്പുറത്തുകാരിയായ ട്രാന്‍സ് വുമണ്‍
ആര്യ അനൂപ്‌
Saturday, 31st October 2020, 3:32 pm

കോഴിക്കോട്: നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി) ആക്ടിലെ ആറാം വകുപ്പിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിനിയും ട്രാന്‍സ് വുമണുമായ ഹിന ഹനീഫ.

ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗക്കാര്‍ക്ക് എന്‍.സി.സിയില്‍ അംഗത്വം നല്‍കാത്ത 1948 ലെ എന്‍.സി.സി ആക്ടിനെതിരെയാണ് ഹിന ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഹിന. ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിലാണ് ഹിന കോളേജില്‍ പ്രവേശനം നേടിയത്.

യൂണിവേഴ്‌സിറ്റി കോളേജ് ഈ വര്‍ഷത്തെ എന്‍.സി.സി എന്‍ റോള്‍മെന്റിന് അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ ഹിനയും അപേക്ഷ നല്‍കിയെങ്കിലും ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ അപേക്ഷ സ്വീകരിക്കാനാവില്ലെന്നായിരുന്നു കോളേജ് അധികൃതര്‍ പറഞ്ഞത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനായി പ്രത്യേക കോളമില്ലെന്നും പുരുഷനോ സ്ത്രീയ്‌ക്കോ മാത്രമേ അപേക്ഷിക്കാനാവൂ എന്നാണ് നിയമമെന്നും അധികൃതര്‍ ഹിനയെ അറിയിക്കുകയായിരുന്നു. 1948 ലെ എന്‍.സി.സി ആക്ട് പ്രകാരം എന്‍.സി.സിയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു അധികൃതര്‍ കാരണമായി അറിയിച്ചത്.

തുടര്‍ന്നാണ് ഹിന ഹൈക്കോടതിയെ സമീപിക്കുന്നത്. അഭിഭാഷകരായ സനീഷ് ശശി രാജ്, രാഘുല്‍, സുധീഷ്, ലക്ഷ്മി. ജെ, ഗ്ലാക്‌സണ്‍ കെ.ജെ എന്നിവര്‍ മുഖാന്തരമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഹൈസ്‌കൂള്‍ തലം മുതലേ എന്‍.സി.സിയില്‍ പ്രവര്‍ത്തിച്ച തനിക്ക് നിലവില്‍ എന്‍.സി.സിയുടെ ഭാഗമാകാന്‍ കഴിയാത്ത അവസ്ഥയാണെന്നും എന്‍.സി.സി ആക്ടിലെ ആറാം വകുപ്പ് പ്രകാരം തനിക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും ഹിന ഹനീഫ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

‘രണ്ട് സര്‍ജറികള്‍ നടത്തിയ ശേഷം ട്രാന്‍സ് വുമണ്‍ ആയി മാറിയ വ്യക്തിയാണ് ഞാന്‍. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ താത്ക്കാലിക ജീവനക്കാരിയായി നിത്യവേതനത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്റെ ഭര്‍ത്താവ് ഒരു ട്രാന്‍സ്‌മെന്‍ ആണ്. ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ എന്‍.സി.സിയില്‍ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ എന്‍.സി.സിയോട് താത്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷന്‍ എടുത്ത സമയത്ത് അവിടെ എന്‍.സി.സിയില്‍ ചേരാന്‍ തീരുമാനിക്കുന്നത്.

എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എന്‍.സി.സിയുടെ അസോസിയേറ്റ് ഓഫീസറുമായി സംസാരിച്ചപ്പോഴാണ് ട്രാന്‍സ്‌ജെന്റേഴ്‌സിന് എന്‍.സി.സിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന കാര്യം അറിയുന്നത്. എന്നെ എന്‍.സി.സിയില്‍ ചേര്‍ക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രമേ  എന്‍ റോള്‍മെന്റ് നടത്താന്‍ സാധിക്കുള്ളൂവെന്നും നിലവില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി പ്രത്യേക കോളമില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.’ ഹിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ട്രാന്‍സ്‌ജെന്റേഴ്‌സിന് കോളമില്ലാത്തതുകൊണ്ടുതന്നെ സര്‍ജറി കഴിഞ്ഞ് സ്ത്രീയായി മാറിയ സ്ഥിതിക്ക് സ്ത്രീകളുടെ കാറ്റഗറിയില്‍  ഉള്‍പ്പെടുത്താമോ എന്ന് ഹിന ചോദിച്ചെങ്കിലും ട്രാന്‍സ്‌ജെന്റേഴ്‌സ് സ്‌പെഷ്യല്‍ കാറ്റഗറിയില്‍ കോളേജില്‍ അഡ്മിഷന്‍ എടുത്ത ഒരു വിദ്യാര്‍ത്ഥിയെ
വുമണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ നിയമം അനുവദിക്കില്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.

പിന്നാലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജയ്ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഹിന തീരുമാനിച്ചത്.

എന്‍.സി.സിയില്‍ നിന്നും ട്രാന്‍സ്‌ജെന്റേഴ്‌സിനെ മാറ്റി നിര്‍ത്തുന്നത് 2014ലെ സുപ്രീം കോടതി നാല്‍സ വിധിയ്‌ക്കെതിരാണെന്നും ഉന്നത അര്‍ധ സൈനിക വിഭാഗങ്ങളില്‍ അടക്കം ട്രാന്‍സ്‌ജെന്റേഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തേയും കേരളത്തിന്റെ ട്രാന്‍സ്‌ജെന്റേഴ്‌സ് നയത്തേയും ചോദ്യം ചെയ്യുന്നതാണ് ഇതെന്നും ഹിന ഹരജിയില്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ മേഖലയിലും സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടും എന്‍.സി.സിയില്‍ ചേരാനുള്ള അപേക്ഷകന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താത്തത് അംഗീകരിക്കാനാവില്ലെന്ന് ഹരജിയില്‍ പറയുന്നുണ്ട്.

സാമൂഹ്യ വിവേചനമില്ലാതെ ട്രാന്‍സ്‌ജെന്റേഴ്‌സിന് എല്ലാ തരത്തിലും പഠനം തുടരാന്‍ അനുവദിക്കുന്ന നയമാണ് സര്‍വകലാശാലയുടേത്. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീയോ പുരുഷനോ ആയ വ്യക്തികള്‍ക്ക് മാത്രമേ എന്‍.സി.സിയില്‍ അംഗത്വം നല്‍കൂവെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍.സി.സിയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി പ്രത്യേക കോളം വേണമെന്നും ഹരജിയില്‍ ഹിന ആവശ്യപ്പെടുന്നുണ്ട്.

എന്‍.സി.സി നിയമത്തിലെ ആറാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നുവെന്നും ഇതിനൊപ്പം ഈ വര്‍ഷത്തെ എന്‍ റോള്‍മെന്റ് പ്രക്രിയയുടെ ഭാഗമാകാന്‍ ഹിനയ്ക്ക് അവസരമൊരുക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

‘അടുത്ത മാസം 10ാം തിയതിയാണ് കോളേജില്‍ എന്‍ റോള്‍മെന്റ് നടക്കുന്നത്. അതിന് മുന്‍പ് ട്രാന്‍സ്‌ജെന്റേഴ്‌സിനായി കോളം വരുമോ എന്ന് അറിയില്ല. തീരുമാനം വൈകുന്നതോടെ എന്റെ അക്കാദമിക് ഇയറാണ് നഷ്ടമാകുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം കോളം വന്നില്ലെങ്കില്‍ എന്നെ താത്കാലികമായി വുമണ്‍സ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്നാണ്  ആവശ്യപ്പെട്ടത്’, ഹിന പറയുന്നു.

ഇതിനൊപ്പം എന്റോള്‍മെന്റ് മാനദണ്ഡങ്ങളില്‍ ഉചിതമായ രീതിയില്‍ ഭേദഗതി വരുത്താന്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന് നിര്‍ദ്ദേശം നല്‍കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹിന ആവശ്യപ്പെടുന്നുണ്ട്.

അടുത്ത മാസം രണ്ടാം തിയതിയാണ് ഹിനയുടെ ഹരജി ഹൈക്കോടതി പരിഗണനക്കെടുക്കുന്നത്. അനുകൂലമായ വിധിയുണ്ടാകുമെന്ന് തന്നെയാണ് ഹിനയുടെ പ്രതീക്ഷ. ഇത് ഒരാളുടെ മാത്രം വിഷയമല്ലെന്നും അനുകൂലമായ ഒരു വിധി നേടിയെടുക്കാനായാല്‍ അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് എന്‍.സി.സിയില്‍ ചേരാന്‍ താത്പര്യപ്പെടുന്ന രാജ്യത്തെ ഓരോ ട്രാന്‍സ്‌ജെന്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കാണെന്നും ഹിന പറയുന്നു.

എല്ലാ കോളേജിലും ട്രാന്‌സജെന്റേഴ്‌സിന് റിസേര്‍വഡ് സീറ്റുണ്ട്. അത്തരത്തില്‍ ഒരു കോളേജില്‍ പ്രവേശനം നേടുന്ന കുട്ടിക്ക് ആ കോളേജിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനുള്ള അവകാശവുമുണ്ട്. ട്രാന്‍സ്‌ജെന്റര്‍ നയം ഭംഗിയായി നടപ്പിലാക്കിയ യൂണിവേഴ്‌സിറ്റിയാണ് കേരള യൂണിവേഴ്‌സിറ്റി. എല്ലാ അധ്യപകരും നല്ല പിന്തുണ തന്നെയാണ് തന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമായതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഹിന പറയുന്നു.

നൂറ്റാണ്ടുകളായി അവഗണന നേരിട്ട, അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു വിഭാഗമാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കും സാമൂഹ്യപരമായ സംവരണവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന തരത്തിലുള്ള സുപ്രധാന ഇടപെടല്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും 2014 ല്‍ ഉണ്ടാകുന്നത്.

2014ലെ സുപ്രീം കോടതി നാല്‍സ വിധിയിലൂടെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. നാല്‍സ വിധിയുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ ട്രാന്‍സ്‌ജെന്റര്‍ പോളിസി അടക്കമുള്ളവ വന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2015 ല്‍ ട്രാന്‍സ് ജെന്റര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്ജെന്‍ഡറുകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.

‘സുപ്രീം കോടതി വിധി പ്രകാരം ഇന്ത്യയിലെ ഏതൊരു പൗരനമുള്ള അവകാശങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ട്രാന്‍സ് ജെന്റേഴ്‌സിനായി പ്രത്യേക കോളങ്ങള്‍ വരുന്നതും പ്രത്യേക സീറ്റുകള്‍ അനുവദിക്കുന്നതുമൊക്കെ ആ വിധിക്ക് ശേഷമാണ്. 1948 ലാണ് എന്‍.സി.സി ആക്ട് വന്നത്. ആ കാലത്ത് ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളൊക്കെ മുഖ്യധാരയിലേക്ക് എത്തുന്നത് കുറവാണ്. ആ ആക്ട് ഇപ്പോഴും തുടരുകയാണ്. അതില്‍ മാറ്റം വരുത്തണം. ഒന്നുകില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി കോളം കൊടുക്കണം. അല്ലെങ്കില്‍ നിലവില്‍ അപേക്ഷിച്ച കുട്ടികളെ, അവര്‍ ട്രാന്‍സ് വുമണ്‍ ആണെങ്കില്‍ വുമണ്‍ കാറ്റഗറിയിലും ട്രാന്‍സ്‌മെന്‍ ആണെങ്കില്‍ മെന്‍സ് കാറ്റഗറിയിലും താത്ക്കാലികമായിട്ട് ഉള്‍പ്പെടുത്തണമെന്നുമാണ്’ ഹിന പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Transwoman in Kerala Moves High Court Against NCC Exclusion Of Transgender

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.