ട്രാന്‍സ് ജന്‍ഡര്‍ ഭേതഗതി ബില്‍; ട്രാന്‍സ് ജനത കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങളെ ദുര്‍ബലപ്പെടുത്തും: ആശങ്കയറിയിച്ച് യു.എന്‍
India
ട്രാന്‍സ് ജന്‍ഡര്‍ ഭേതഗതി ബില്‍; ട്രാന്‍സ് ജനത കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങളെ ദുര്‍ബലപ്പെടുത്തും: ആശങ്കയറിയിച്ച് യു.എന്‍
നിഷാന. വി.വി
Thursday, 2nd April 2026, 7:17 pm

ന്യൂദല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേതഗതി ബില്‍ പാസാക്കുന്നതില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ.

ഇത് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങളെ ദുര്‍ബലപ്പെടുത്തിയേക്കാമെന്നും യു.എന്‍ പറഞ്ഞു. യു.എന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ ബില്‍ വേഗത്തില്‍ പാസാക്കിയതില്‍ ഖേദമുണ്ടെന്നും യു.എന്‍ പറഞ്ഞു. ലിംഗം തിരിച്ചറിയുന്നതിന് ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം നിര്‍ബന്ധമാക്കുന്നത് വ്യക്തി സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും സംഘടന കൂടിച്ചേര്‍ത്തു.

‘ട്രാന്‍സ് ജെന്‍ഡറുകളുടെയും ലിംഗ വൈവിധ്യമുളളവരുടെയും അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ ഇന്ത്യ ഒരു മുന്‍നിര രാജ്യമാണ്.

എന്നാല്‍ ഈ ബില്‍ വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഇത് ദുരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും,’ യു.എന്‍ പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് ട്രാന്‍സ് ജെന്‍ഡര്‍ അവകാശസംരക്ഷണ നിയമ ഭേതഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. പ്രസിഡന്റ് ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സ്വവര്‍ഗാനുരാഗികള്‍ എന്ന വിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുന്നില്ലെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടെയാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു വ്യക്തി ട്രാന്‍സ്‌ജെന്‍ഡറാണോ എന്ന് സ്വയം ആവകാശപ്പെടാന്‍ സാധിക്കില്ലെന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയ മറ്റൊരു വ്യവസ്ഥ. ട്രാന്‍സ്ജെന്‍ഡര്‍ പദവി നിര്‍ണയിക്കാന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുള്‍പ്പെട്ട അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തില്‍ വരും. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ ശബ്ദ വോട്ടോടെ ബില്ല് പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സഭ തള്ളിയിരുന്നു.

Content Highlight: Transgender Amendment Bill; Will undermine hard-won rights of trans people: UN expresses concern

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.