ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തത്, നീന പ്ലസ് അര്‍ജുന്‍ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജ്; മൈക്കിനെതിരെ വിമര്‍ശനവുമായി ആദം ഹാരി
Film News
ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തത്, നീന പ്ലസ് അര്‍ജുന്‍ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജ്; മൈക്കിനെതിരെ വിമര്‍ശനവുമായി ആദം ഹാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th August 2022, 4:48 pm

അനശ്വര രാജന്‍ നായികയായ മൈക്കിനെതിരെ വിമര്‍ശനവുമായി ട്രാന്‍സ് പേഴ്‌സണ്‍ ആദം ഹാരി. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പൈസയും പ്രിവിലേജും ഉണ്ടെന്ന് കരുതി ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തെയും ഐഡന്റിറ്റിയേയും ബാധിക്കുന്ന തരത്തില്‍ സിനിമ ചെയ്യരുതെന്നും ആദം ഹാരി പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ടതിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ആദം ഹാരി പ്രതികരിച്ചത്.

‘ഇന്റര്‍വെല്ലിന് ഇറങ്ങിയപ്പോള്‍ മുതല്‍ കുറച്ച് ആളുകള്‍ വന്ന് പോസിറ്റീവ് റിവ്യൂ ഇടണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പൈസ കൊടുത്ത് ആളുകളെ കൊണ്ട് പോസിറ്റീവ് റിവ്യൂ ചെയ്യിക്കാന്‍ ജോണ്‍ എബ്രഹാമിന് പൈസയും പ്രിവിലേജും ഉണ്ടായിരിക്കും.

പൈസ ഉള്ളവര്‍ക്ക് സിനിമ എടുക്കുകയോ പ്രൊമോഷന്‍ ചെയ്യുകയോ ചെയ്യാം. പക്ഷേ ഒരു കൂട്ടം മനുഷ്യര്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാനോ സിനിമ ഉപയോഗിക്കരുത്. നമ്മളെ പോലെയുള്ള ആളുകളുടെ ജീവിതം ഒരുപാട് പ്രശ്‌നങ്ങളുള്ളതാണ്. അതിനിടക്ക് ഇതുപോലെ മിസ് ലീഡിങ്ങായിട്ടുള്ള കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നത് പ്രോബ്ലമാറ്റിക്കാണ്. ചാന്ത്‌പൊട്ടിലും ഇത് തന്നെയല്ലേ ചെയ്തത്. സിനിമ മുഴുവന്‍ കണ്ടിട്ട് വിശദമായ റിവ്യൂ ഇടാം.

ഈ സിനിമ നീന പ്ലസ് അര്‍ജുന്‍ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജാണ്. ടോക്‌സിസിറ്റിയും നീനയും അര്‍ജുന്‍ റെഡ്ഡിയുമൊക്കെ കംപെയ്ന്‍ ചെയ്‌തെടുത്താല്‍ എങ്ങനെയിരിക്കും, അതാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത്. ടോക്‌സിക് മസ്‌കുലിനിറ്റി കാണിക്കുന്നത്, കള്ള് കുടിക്കുന്നത്, ആണ്‍കുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നത് പുറത്തിറങ്ങാന്‍ പറ്റുന്നത് ഇതൊക്കെ കാണിക്കാനാണ് ശ്രമിച്ചതെങ്കില്‍ ശ്രമിച്ചോളൂ. പക്ഷേ ഒരു കൂട്ടം ആളുകള്‍ ഇത്രയും നാള്‍ ഫൈറ്റ് ചെയ്ത് നേടിയെടുത്ത വിസിബിളിറ്റി ഉണ്ടല്ലോ അതിനെ ചോദ്യം ചെയ്യുന്ന രീതിയിലാവുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്.

സിനിമയുടെ ഫസ്റ്റ് പാര്‍ട്ടില്‍ ചൈല്‍ഡ് അബ്യൂസിന്റെ കാര്യം കാണിക്കുന്നുണ്ട്. ട്രാന്‍സ് പേഴ്‌സന്‍സിനോട് സ്ഥിരമായി സൈക്കോളജിസ്റ്റുകളും റിസര്‍ച്ച് സ്‌കോളേഴ്‌സും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ടോ, സെക്ഷ്വല്‍ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ടോ, അതുകൊണ്ടാണോ ട്രാന്‍സ് പേഴ്‌സണാവുന്നത് എന്നൊക്കെ. ചൈല്‍ഡ് അബ്യൂസ് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ്. അങ്ങനെ ചൈല്‍ഡ് അബ്യൂസ് നേരിട്ടവരാണ് ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുന്നവരെന്നും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഉണ്ടാകുന്നവരെന്നുമുള്ള തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന രീതി കൂടി ഈ സിനിമയില്‍ കണ്ടു. അത് വളരെ പെയ്ന്‍ഫുള്ളായി തോന്നി.

ഇതൊരു സ്ത്രീയുടെ കഥയാണ്, ട്രാന്‍സ് പേഴ്‌സന്റെ കഥയല്ല എന്നാണ് ന്യായീകരണമായി പറയുന്നതെങ്കില്‍ ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തിട്ടുള്ളത്. ഇപ്പോഴും ആ സിനിമ എത്ര ട്രാന്‍സ് പേഴ്‌സണിന് ബുദ്ധിമുട്ടാക്കുന്നുണ്ട്,’ ആദം ഹാരി പറഞ്ഞു.

Content Highlight: Trans person Adam Harry criticizes Anaswara Rajan movie Mike