ട്രാന്‍സും കൈദിയും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്; മേള ഓഗസ്റ്റ് 9 മുതല്‍
indian cinema
ട്രാന്‍സും കൈദിയും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്; മേള ഓഗസ്റ്റ് 9 മുതല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd August 2020, 10:37 am

കൊച്ചി: ടൊറന്റോ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സും കൈദിയും. ഓഗസ്റ്റ് 9 മുതല്‍ 15 വരെ നടക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

തെലുങ്ക് ചിത്രം ജഴ്‌സിയും ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രചാരത്തിനു വേണ്ടി നടത്തുന്ന മേളയാണ് ഐ.ഐ.എഫ്.എഫ്.ടി.

ഹ്രസ്വചിത്രമായ ‘പദ്മവ്യൂഹ’യും ഡോക്യുമെന്‍ററിയായ ‘ബാച്ച് ഓഫ് 2020’എന്നീ ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വര്‍ഷം മൂത്തോന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴില്‍ കാര്‍ത്തി നായകനായെത്തിയ ചിത്രമാണ് കൈതി. ലോകേഷ് കനകരാജാണ് സംവിധാനം. 2019ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ജഴ്‌സി. ചിത്രത്തില്‍ നാനിയാണ് നായകനായെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാകാന്‍ കൊതിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ജഴ്‌സി പറയുന്നത്. ഹൃത്വിക് റോഷന്‍ നായക വേഷത്തിലെത്തിയ ഹിന്ദി ചിത്രമാണ് സൂപ്പര്‍ 30. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തത്.

ഫഹദ് ഫാസില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ഫെബ്രുവരി 20നാണ് റിലീസ് ചെയ്തത്. ഫഹദിനൊപ്പം നസ്രിയയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ