പരമ്പരാഗത ചിന്താഗതി മാറ്റണം; ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടതില്ല: കര്‍ണാടക ഹൈക്കോടതി
national news
പരമ്പരാഗത ചിന്താഗതി മാറ്റണം; ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടതില്ല: കര്‍ണാടക ഹൈക്കോടതി
നിഷാന. വി.വി
Tuesday, 30th June 2026, 7:21 am

ബെംഗളൂരൂ: ഭാര്യ ഭര്‍ത്താവിനേക്കാള്‍ സാമ്പത്തികമായി സ്വതന്ത്രയും കൂടുതല്‍ വരുമാനവുമുള്ളയാളുമാണെങ്കില്‍ ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിനോട് ജീവനാംശം നല്‍കാനായി നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന വിചാരണകോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഭാര്യയെ സാമ്പത്തികമായി സഹായിക്കാന്‍ ഭര്‍ത്താവ് എപ്പോഴും ബാധ്യസ്ഥനാണെന്ന അനുമാനത്തില്‍ മാത്രം ജീവനാംശം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് ഡോ. ചില്ലാക്കൂര്‍ സുമലതയാണ് കേസ് പരിഗണിച്ച് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്. 2024 ല്‍ വിവാഹിതരായ ദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

അതോടെ യുവതി ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും തനിക്ക് അനുകൂലമായ വിധി നേടുകയും ചെയ്തു. പ്രതിമാസം 20000 രൂപ യുവതിക്ക് ജീവനാംശം നല്‍കാനായിരുന്നു കീഴ് കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഇതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി രേഖകളില്‍ ഭര്‍ത്താവിന്റെ ശമ്പളം 60,646 രൂപയും ഭാര്യയുടെത് ഒരു ലക്ഷം രൂപയുമായിരുന്നു.

ഇരു കക്ഷികളുടെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം ഭാര്യ സ്വയം പര്യാപ്തയാണെന്നും കുട്ടികളെയോ മറ്റ് ആശ്രിതരെയോ പരിപാലിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

അത്തരം സാഹചര്യങ്ങളില്‍ ഗണ്യമായി കുറഞ്ഞ വരുമാനമുള്ള ഭര്‍ത്താവിനെ ജീവനാംശം നല്‍കാന്‍ നിര്‍ബന്ധിക്കുന്നതിന് നിയമപരമായ ന്യായീകരണമില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വയം പര്യാപ്തയല്ലാത്ത ഇണയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ജീവനാംശം എന്നും വിവാഹബന്ധം കാരണം മാത്രം ജീവനാംശം നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

‘ഭാര്യയെ എപ്പോഴും പിന്തുണയ്‌ക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണെന്ന പരമ്പരാഗത ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രം കോടതികള്‍ ജീവനാംശം നല്‍കാന്‍ ഉത്തരവിടുന്നത് ഒഴിവാക്കണം. പകരം ഇരു കക്ഷികളുടെയും സാമ്പത്തിക ശേഷിയും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഓരോ കേസും തീരുമാനിക്കേണ്ടത്,’ ജസ്റ്റിസ് സുമലത അഭിപ്രായപ്പെട്ടു.

ഭാര്യയ്ക്ക് വരുമാനമില്ലെങ്കില്‍ മാത്രമേ ജീവനാംശം നല്‍കേണ്ടതുള്ളൂവെന്നും അല്ലാത്ത സാഹചര്യങ്ങളില്‍ നിയമപരമായ സാഹചര്യങ്ങള്‍ കോടതി പറഞ്ഞു.

Content Highlight: Traditional thinking needs to be changed; no alimony is required if wife earns more than husband: Karnataka High Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.