പണം നല്‍കാതെ മുങ്ങിയെന്ന് വ്യാപാരികളുടെ പരാതി; മുങ്ങിയത് കരാറുകാരന്‍, രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും: ആഷിഖ് അബു
Kerala
പണം നല്‍കാതെ മുങ്ങിയെന്ന് വ്യാപാരികളുടെ പരാതി; മുങ്ങിയത് കരാറുകാരന്‍, രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും: ആഷിഖ് അബു
നിഷാന. വി.വി
Saturday, 30th May 2026, 12:53 pm

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ആഷിഖ് അബു ചിത്രം അജസുന്ദരിയുടെ അണിയറ പ്രവര്‍ത്തകര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പരാതി. കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഷൂട്ട് കഴിഞ്ഞ് മൂന്ന് മാസമായിട്ടും വാങ്ങിച്ച സാധനങ്ങളുടെ പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബിജു കടവൂരിനെ ബന്ധപ്പെട്ടങ്കിലും ഒഴിഞ്ഞു മാറുന്ന പ്രതികരണമാണുണ്ടായതെന്നും വ്യാപാരികള്‍ ആരോപിച്ചു.

ചിക്കന്‍, താറാവ്, നാടന്‍ കോഴിമുട്ട, നാടന്‍ കോഴി, തുടങ്ങിയ വസ്തുക്കള്‍ വാങ്ങിയതായും പണം നല്‍കിയില്ലെന്നുമാണ് പരാതി. കാന്‍സര്‍ രോഗിയായ കച്ചവടക്കാരന് മസാല വാങ്ങിയ ഇനത്തില്‍ 47000ത്തിലധികം രൂപയും പാലും തൈരും വാങ്ങിയ ഇനത്തില്‍ മറ്റൊരു കച്ചവടക്കാരന് 42000 രൂപയും നല്‍കാനുണ്ടെന്നും പറയുന്നു.

കൂടാതെ തേങ്ങ വാങ്ങിയ വകയില്‍ 14000 രൂപയും നല്‍കാനുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന അതേ സമയത്ത് ഉരുള്‍ പൊട്ടലിന്റെ ആഘാതത്തില്‍ വിറങ്ങലിച്ച നാടാണ് വിലങ്ങാട്.

ഇതിന് ശേഷമാണ് അജ സുന്ദരി സിനിമാ സംവിധായകന്‍ മനു ആന്റണി, നടന്‍ ജോജു ജോര്‍ജ്, പ്രൊഡ്യൂസര്‍ ആഷിഖ് അബു തുടങ്ങിയ ടീം വിലങ്ങാടെത്തിയത്. സംഘം ഷൂട്ടിങ്ങ് കഴിഞ്ഞ് പോയ ശേഷമാണ് ഇത്രയും വലിയ സംഖ്യ കൊടുക്കാന്‍ ബാക്കിയുണ്ടെന്ന വിവരമറിയുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

തുടക്കത്തില്‍ ഫോണ്‍ എടുക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഒരു പ്രതികരണവുമില്ലെന്നും സമിതി വ്യക്തമാക്കി. വിഷയത്തെ തുടര്‍ന്ന് കട തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്നും കടയുടമകള്‍ പറയുന്നു. ഇന്ന് പൊലീസിനെ സമീപിക്കാനാണ് വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കരാറുകാരനാണ് പണം നല്‍കാനുള്ളതെന്നും തങ്ങള്‍ അയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നുമായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും രണ്ട് മാസത്തിലേറെയായി കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Traders file complaint against Ajasundari filmmakers who bought chicken and beef but failed to pay in full

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.