ന്യൂദല്‍ഹി: തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും കവരുന്ന ലേബര്‍ കോഡ് നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം.
വേതന കോഡ് (കോഡ് ഓഫ് വേജസ്), തൊഴിലിട സുരക്ഷാ കോഡ് (ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ് കണ്ടീഷന്‍സ്), സാമൂഹിക സുരക്ഷാ കോഡ് (കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), വ്യവസായ ബന്ധ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍)കോഡ് എന്നിവയാണ് നടപ്പിലാക്കിയിരിക്കുന്നത്.
രാജ്യത്ത് നിലവിലുണ്ടായിരുന്ന ട്രേഡ് യൂണിയന്‍ ആക്ട്, വ്യവസായ തര്‍ക്ക നിയമം, മിനിമം വേജസ് ആക്ട് തുടങ്ങിയ 29 വ്യത്യസ്ത ചട്ടങ്ങള്‍ റദ്ദാക്കിയാണ് പുതിയ ലേബര്‍ കോഡ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ് പുതിയ വ്യവസ്ഥകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
എന്നാല്‍, സംഘടിക്കാനുള്ള തൊഴിലാളികളുടെ അടിസ്ഥാന അവകാശത്തെ വരെ ലംഘിക്കുന്നതാണ് നടപ്പിലാക്കിയ ലേബര്‍ കോഡുകളെന്ന് തൊഴിലാളി സംഘടനകള്‍ തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ശക്തമായ എതിര്‍പ്പാണ് അറിയിച്ചിരുന്നത്.
വ്യവസായ ബന്ധ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍)കോഡിനെയാണ് പ്രധാനമായും തൊഴിലാളികള്‍ എതിര്‍ക്കുന്നത്. തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും സാധിക്കാതെ വരികയും സംഘടിക്കാനായി കടുത്ത നിബന്ധനകള്‍ നേരിടേണ്ടി വരുമെന്നുള്ളതാണ് പ്രധാനപ്പെട്ട വിമര്‍ശനം.
പുതിയ കോഡിലെ പല വ്യവസ്ഥകളും കാരണം തൊഴിലുടമയുടെ അനുമതിയില്ലാതെ പണി മുടക്കാനോ സംഘടിക്കാനോ പോലും സാധിക്കാതെ വരും.
ആകെ ജീവനക്കാരില്‍ പത്ത് ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ അനുവദിക്കൂവെന്ന തൊഴിലാളി വിരുദ്ധ വ്യവസ്ഥയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ക്കായി പോരാടുന്നതില്‍ നിന്നും തൊഴിലാളികളെ തടയുന്നതാണ് പുതിയ ലേബര്‍ കോഡെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ മാത്രമേ സമരം ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഈ വ്യവസ്ഥകള്‍ ലംഘിച്ചാലും പിഴയും ഒരു മാസം തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും മുമ്പില്ലാത്ത വിധം മനുഷ്യത്വരഹിതമായ നിബന്ധനകളാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഈ കോഡുകള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങള്‍ ശക്തമാക്കുകയും ചെയ്തതോടെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.
2025 ബജറ്റിന് മുന്നോടിയായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയിലും തൊഴിലാളി സംഘടനാ നേതാക്കള്‍ ലേബര്‍ കോഡിനെതിരായ അഭിപ്രായം അറിയിച്ചിരുന്നു.
അതേസമയം, നിലവില്‍ വന്ന ലേബര്‍ കോഡിനെതിരെ സമരം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. കോഡുകള്‍ പിന്‍വലിക്കുംവരെ രാജ്യവ്യാപക സമരം സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി തുടങ്ങിയ പത്തോളം തൊഴിലാളി സംഘടനകള്‍ സംയുക്തമായി എല്ലാ തൊഴിലാളികളോടും ഈ മാസം 26ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്.
കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയ്‌ക്കൊപ്പമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. തുടര്‍ സമരങ്ങള്‍ക്കും സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്.
എന്നാല്‍, ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന വേതന കോഡ് അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ കരാര്‍ തൊഴിലുകള്‍ വ്യാപകമാക്കുന്നതും അടച്ചുപൂട്ടലും പിരിച്ചുവിടലും എളുപ്പമാക്കുന്നതാണ് ഈ കോഡുകളെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. നാല് കോഡുകളും പിന്‍വലിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.
Content Highlight: Trade unions to protest against new Labor Code