എഡിറ്റര്‍
എഡിറ്റര്‍
‘ജനവിരുദ്ധനയങ്ങള്‍ തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക്’; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പായി ട്രേഡ് യൂണിയനുകളുടെ മഹാധര്‍ണ്ണ
എഡിറ്റര്‍
Sunday 12th November 2017 11:00am

 

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ തുടരുകയാണെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ മഹാധര്‍ണ്ണയുടെ സമാപനത്തിലാണ് സര്‍ക്കാരിന് മുന്നറിയിപ്പുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്.

‘ജനുവരി അവസാനവാരം ജയില്‍നിറയ്ക്കല്‍ സമരം നടത്തും. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണനീക്കങ്ങളെ ചെറുക്കാന്‍ അതത് മേഖലകളില്‍ സംയുക്ത പണിമുടക്ക് സംഘടിപ്പിക്കും. ബജറ്റില്‍ തൊഴിലാളിവിരുദ്ധ പ്രഖ്യാപനങ്ങളുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കും.’


Also Read:  നായികമാര്‍ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറയണം; നായകന് പ്രേമിക്കാനുള്ളവരെന്നതിന് അപ്പുറം മാറ്റങ്ങള്‍ വരണമെന്നും പാര്‍വ്വതി 


മൂന്നു ദിവസം നീണ്ടുനിന്ന മഹാധര്‍ണ്ണയില്‍ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2018 ജനുവരി ആദ്യം സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍ നടത്തും. കേന്ദ്ര ബജറ്റില്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ ആദ്യദിവസം തന്നെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ട്രഡ് യൂണിയനുകള്‍ അറിയിച്ചു.

സമാപനദിവസമായ ശനിയാഴ്ച അംഗനവാടി, ആശാ, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികളും വീട്ടുജോലിക്കാരും ഉള്‍പ്പെടെ വന്‍ സ്ത്രീപങ്കാളിത്തമാണ് ധര്‍ണ്ണയിലുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ എല്ലാ തൊഴില്‍ മേഖലകളെയും പ്രതിനിധാനം ചെയ്ത് തൊഴിലാളികള്‍ മഹാധര്‍ണ്ണയുടെ ഭാഗമായി.


Also Read: മറ്റ് രാജ്യക്കാരും ജാതിക്കാരും ഇവിടെ തഴച്ചു വളര്‍ന്നത് ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും കൊണ്ട്; അത് ഭീരുത്വമെന്ന് കരുതുന്നര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ്: പ്രിയദര്‍ശന്‍


തപന്‍സെന്‍ (സി.ഐ.ടി.യു), കെ ഹേമലത(സി.ഐ.ടി.യു), ഗുരുദാസ് ദാസ്ഗുപ്ത (എ.ഐ.ടി.യു.സി), അശോക് സിങ് (ഐ.എന്‍.ടി.യു.സി), എച്ച്.എസ് സിദ്ധു (എച്ച്.എം.എസ്), സത്യവാന്‍ (എ.ഐ.യു.ടി.യു.സി), ജി ദേവരാജന്‍ (ടി.യു.സി.സി), മണാലി (സേവ), രാജീവ് ദിമിത്രി (എ.ഐ.സി.സി.ടി.യു), എം.ഷണ്‍മുഖം (എല്‍.പി.എഫ്), അശോക് ഘോഷ് (യു.ടി.യു.സി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, സാര്‍വത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, മിനിമംകൂലി 18,000 രൂപയായി ഉയര്‍ത്തുക, ഓഹരി വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, റെയില്‍വെയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുക, സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ത്തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.

Advertisement