യുദ്ധം കാരണമാണ് മാറ്റിയതെന്ന് ചുമ്മാ പറഞ്ഞതാണല്ലേ, ധുരന്ധറിന്റെ പത്തിലൊന്ന് പോലും പ്രീ സെയിലില്‍ ടോക്‌സിക്കിന് നേടാനായില്ലെന്ന് ട്രാക്കര്‍മാര്‍
Indian Cinema
യുദ്ധം കാരണമാണ് മാറ്റിയതെന്ന് ചുമ്മാ പറഞ്ഞതാണല്ലേ, ധുരന്ധറിന്റെ പത്തിലൊന്ന് പോലും പ്രീ സെയിലില്‍ ടോക്‌സിക്കിന് നേടാനായില്ലെന്ന് ട്രാക്കര്‍മാര്‍
അമര്‍നാഥ് എം.
Saturday, 7th March 2026, 9:42 pm

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ലാഷായിരുന്നു മാര്‍ച്ച് 19ലേത്. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വും കന്നഡ ചിത്രം ടോക്‌സിക്കും ബോക്‌സ് ഓഫീസില്‍ ഒരേദിവസം ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവസാനനിമിഷം ടോക്‌സിക് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ആക്രമണം രൂക്ഷമായതിനാലാണ് റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മാര്‍ച്ച് 19ന് പകരം ജൂണ്‍ നാലിലേക്കാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ യുദ്ധം കാരണമല്ല റിലീസ് മാറ്റിയതെന്നാണ് ട്രാക്കര്‍മാര്‍ കണ്ടുപിടിച്ച റിപ്പോര്‍ട്ട്. പ്രീ സെയില്‍ ആരംഭിച്ചിട്ടും ടോക്‌സിക്കിന് ധുരന്ധറിനെ മറികടക്കാനായിരുന്നില്ല.

നോര്‍ത്ത് അമേരിക്കയില്‍ മാത്രമായിരുന്നു പ്രീ ബുക്കിങ് ആരംഭിച്ചത്. ഒരേ സമയത്ത് ബുക്കിങ് ആരംഭിച്ചെങ്കിലും പലയിടത്തും ധുരന്ധറിന് തന്നെയായിരുന്നു മുന്‍തൂക്കം. ലിമിറ്റഡ് ഷോയിലൂടെ 78 ലക്ഷം ധുരന്ധര്‍ നേടിയപ്പോള്‍ അഞ്ച് ലക്ഷം മാത്രമാണ് ടോക്‌സിക്കിന് നേടാനായത്. ഇന്ത്യയിലും ടോക്‌സിക്കിന് ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

ഇതാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അനൗണ്‍സ് ചെയ്ത സമയത്ത് വന്‍ ഹൈപ്പുണ്ടായിരുന്നെങ്കിലും ഷൂട്ട് നീണ്ടുപോയതും പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്ക് പ്രതീക്ഷിച്ച ഇംപാക്ട് കൊണ്ടുവരാനും സാധിച്ചില്ല. ഇതിനിടയിലാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

ഇതിനെ കാരണമാക്കി കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ക്ലാഷ് ഒഴിവാക്കിയെന്നും അത് നല്ല തീരുമാനമായെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. ധുരന്ധറിന്റെ ആദ്യഭാഗം നേടിയ വിജയം രണ്ടാം ഭാഗവും ഉറപ്പായും നേടുമെന്നും ക്ലാഷിനെത്തുന്ന സിനിമക്ക് അത് ദോഷം ചെയ്യുമെന്നും കമന്റുകളുണ്ട്. ഇന്ന് പുറത്തിറങ്ങിയ ധുരന്ധര്‍ 2ന്റെ ട്രെയ്‌ലറിനും വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

ടോക്‌സിക്കും റിലീസ് മാറ്റിയതോടെ കെ.വി.എന്നിന്റെ രണ്ടാമത്തെ ചിത്രമാണ് പെട്ടിയിലാകുന്നത്. വിജയ് നായകനായ ജന നായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ടോക്‌സിക്കിനും അതേ ഗതി വന്നതോടെ 1000 കോടിയുടെ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തിലായി.

അതേസമയം ആദ്യഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ റിലീസിനാണ് ധുരന്ധര്‍ 2 പദ്ധതിയിടുന്നത്. റിലീസിന്റെ തലേദിവസം പെയ്ഡ് പ്രീമിയര്‍ ഷോകളും നിര്‍മാതാക്കള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ 2000 കോടിയോളം ചിത്രം നേടുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Trackers find that Toxic can’t cross the pre sales of Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം