ചാക്കോച്ചനെ എടുത്ത് പൊക്കി ഉമ്മ കൊടുത്ത് ടൊവിനോ, ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്ന് പൃഥ്വി; വീഡിയോ വൈറല്‍
Entertainment news
ചാക്കോച്ചനെ എടുത്ത് പൊക്കി ഉമ്മ കൊടുത്ത് ടൊവിനോ, ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്ന് പൃഥ്വി; വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 10:54 pm

ജന ഗണ മനയുടെ സക്‌സസ് മീറ്റ് കൊച്ചിയില്‍ വമ്പന്‍ രീതിയിലാണ് നടന്നത്. കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മൂവരും സ്നേഹ പ്രകടനം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുഞ്ചാക്കോ ബോബനെ എടുത്ത് പൊക്കി ഉമ്മ നല്‍കുന്ന ടൊവിനോ തോമസിനെയും ഒപ്പം ന്നാ താന്‍ കേസ് കൊട് സിനിമ ഉറപ്പായും കാണുമെന്നും, ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്ന് പറയുന്ന പൃഥ്വിയേയും വീഡിയോയില്‍ കാണാന്‍ കഴിയും. മൂവരും പരസ്പരം ആലിംഗനം ചെയ്താണ് മടങ്ങുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൂവരുടെയും ആരാധകരും വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് ഉറപ്പായും കാണുമെന്ന് പൃഥ്വിരാജ് പറയുമ്പോള്‍ നാളെ തന്റെ ചിത്രവും റിലീസാകുന്നുണ്ട് എന്ന് ടൊവിനോ പൃഥ്വിയോട് പറയുന്നതും വീഡിയോയില്‍ കാണാം.

പൃഥ്വിയും ടൊവിനോയും ചേര്‍ന്ന് കുഞ്ചാക്കോ ബോബനെ സിനിമയുടെ വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.


രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്തത്. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം ടൊവിനോ ചിത്രം തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ഇരുവരെയും കൂടാതെ ഷൈന്‍ ടോം ചാക്കോ, അദ്രി ജോയ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മികച്ച പ്രി ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന ചിത്രത്തിന്റെ പ്രോമോഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: Tovino Thomnas hugging Kunchakko boban in front of Prithviraj on Jana gana mana movie sucess meet video goes viral