2025ല്‍ മലയാള സിനിമയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്താന്‍ ഇന്‍ഡസ്ട്രിയെ സഹായിച്ച ചിത്രമായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്ല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തി 300 കോടിയിലധികം കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൂപ്പര്‍ ഹീറോ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയൊരു ഫ്രഞ്ചൈസിക്കാണ് സംവിധായകന്‍ തുടക്കം കുറിച്ചത്.
സംവിധായകനെന്ന നിലയില്‍ ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലോകഃ. ടൊവിനോ ശാന്തി ബാലകൃഷ്ണന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2017 ല്‍ പുറത്തിറങ്ങിയ തരംഗമായിരുന്നു സംവിധായകന്റെ ആദ്യ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമായി മാറുകയായിരുന്നു. ആദ്യ ചിത്രം പരാജയമായതിന് ശേഷം ലോകഃ ചെയ്യുന്നത് വരെ സംവിധായകന് കടന്നുപോകേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ഞാനും ഡൊമിനിക്കും ചേര്‍ന്ന് 2017ല്‍ തരംഗം എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ ചിത്രം വേണ്ട പോലെ വര്‍ക്കായില്ല. അതിന് ശേഷം അരുണ്‍ ഡൊമിനിക്കിന് ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഞാനദ്ദേഹത്തെ ഒരുപാട് മോട്ടിവേറ്റ് ചെയ്യാറുണ്ട്. കാരണം ആദ്യത്തെ ചിത്രം പരാജയപ്പെട്ട സംവിധായകനെ സംബന്ധിച്ചിടത്തോളം അടുത്ത ചിത്രം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. പരാജിതനെ പോലെയാണ് നിങ്ങള്‍ ട്രീറ്റ് ചെയ്യപ്പെടുക.
ഒരു നവാഗത സംവിധായകന് പോലും നിങ്ങളെക്കാള്‍ കൂടുതല്‍ ബഹുമാനം ലഭിക്കും. തരംഗം ഒരു മോശം ചിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ച് കൂടി വിജയം ചിത്രം അര്‍ഹിച്ചിരുന്നു. എന്റെ ഒരു നല്ല സുഹൃത്തും ഒരു നല്ല മനുഷ്യനുമായത് കൊണ്ട് അദ്ദേഹത്തിന്റെ പരാജയത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങളിരുവരും എപ്പോഴും പരസ്പരം വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ മിക്കവാറും ചിത്രങ്ങളുടെ സെറ്റിലേക്കും അവന്‍ വരാറുണ്ട്. കാരണം എല്ലവരെയും കണ്ട് ഒന്ന് ചിയറായി ഇരിക്കാന്‍ വേണ്ടിയായിരുന്നു അത്.
ഒരിക്കല്‍ വിളിച്ചപ്പോള്‍ അവന്‍ വന്നില്ല. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അവന്‍ കാറ് വിറ്റെന്ന് പറഞ്ഞു. വേറെ വണ്ടി ഒപ്പിച്ചിട്ട് വരാമെന്നായിരുന്നു അവന്‍ പറഞ്ഞത്. അത് എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി. കാരണം അവനെ പോലെ ഒരു കഴിവുള്ള ഫിലിം മേക്കര്‍ ബുദ്ധിമുട്ടുന്നത് ഫെയറല്ലെന്ന് എനിക്ക് തോന്നി. അവന്റെ പകുതി പോലും കഴിവില്ലാത്ത ആളുകള്‍ സൂപ്പര്‍ സക്‌സസ്ഫുള്ളായിരുന്നു,’ ടൊവിനോ പറയുന്നു.
നിമിഷ് രവിക്കും ശാന്തി ബാലകൃഷ്ണനുമൊപ്പം ഡൊമിനിക്ക് അരുണ്‍. Photo: The Hindu
തന്നെ നായകനാക്കി ഒരു ചിത്രം ചെയ്യാനായിരുന്നില്ല തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ചര്‍ച്ച ചെയ്തതെന്നും ടൊവിനോ പറയുന്നു. ഈ സാഹചര്യത്തിലാണ് ലോകഃയെ കുറിച്ച് ആദ്യമായി ചര്‍ച്ച ചെയ്യുന്നതെന്നും ചിത്രത്തില്‍ കാമിയോ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നുവെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
Content Highlight: Tovino thomas talks about Dominic Arun’s struggle after Tharangam failure to Lokah hit
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.