| Thursday, 24th April 2025, 9:58 pm

'ഇറങ്ങി വാ പൊലീസേ...' വേറെ ലെവല്‍ ട്രെയ്‌ലറുമായി ടൊവിനോയുടെ നരിവേട്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.

ഇപ്പോള്‍ നരിവേട്ടയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണ്.

സിനിമയുടെ പശ്ചാത്തലം വ്യക്തമാക്കാതെ സസ്‌പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒപ്പം നടി ആര്യ സലീമിന്റെ ശക്തമായ കഥാപാത്രത്തെയും ട്രെയ്‌ലറില്‍ കാണാം.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ചില പൊലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകന്‍ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും നരിവേട്ട എന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.

വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് ആയി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.

പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.

മെയ് 16ന് തിയേറ്ററുകളില്‍ എത്തുന്ന നരിവേട്ട നിര്‍മിക്കുന്നത് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlight: Tovino Thomas’s Narivetta Movie Trailer Out

We use cookies to give you the best possible experience. Learn more