ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റു; വീഡിയോ
Mollywood
ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റു; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st June 2019, 7:33 pm

ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്.

തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും നിസ്സാരമായ പരിക്കുകളാണ് ഉള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാതാവ് സാന്ദ്രാ തോമസ് ഈ രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് സാന്ദ്ര, ടൊവിനോയ്ക്ക് പൊള്ളലേല്‍ക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

Nothing can stop this man from being so passionate about movies. Hats off to Tovino Thomas for his dedication. He did all the fight sequence without dupe. There are more videos to come. #EB06 #Tovinothomas #Samyukthamenon #fight #nodupe #accident #dedication #passion

Posted by Sandra Thomas on Friday, 21 June 2019

ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു.

നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോ തോമസും സംയുക്താ മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. കമ്മട്ടിപ്പാടത്തിന് ശേഷം പി.ബാലചന്ദ്രന്‍ എഴുതുന്ന തിരക്കഥയാണ് എടക്കാട് ബറ്റാലിയന്റേത്.

റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.