ആരാധകരെ ശാന്തരാകുവിന്‍; മണവാളന്‍ വസീമെത്തി; അടി ഇടി പൂരമായി തല്ലുമാല ട്രെയ്‌ലര്‍
Film News
ആരാധകരെ ശാന്തരാകുവിന്‍; മണവാളന്‍ വസീമെത്തി; അടി ഇടി പൂരമായി തല്ലുമാല ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th July 2022, 6:55 pm

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാലയുടെ ട്രെയ്‌ലര്‍ പുറത്ത്. മൂന്ന് മിനിട്ടോളം നീളുന്ന കളര്‍ഫുള്‍ ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

മണവാളന്‍ വസീമിനായുള്ള ബില്‍ഡ് അപ്പുമായാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. പിന്നാലെ മണവാളന്‍ വസിമായി ടൊവിനോയുടെയും വ്‌ളോഗര്‍ ബിപാത്തുവായി കല്യാണിയുടെയും കിടിലന്‍ ഇന്‍ട്രോ സീനികളാണ് വരുന്നത്. ട്രെയ്‌ലറില്‍ ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകള്‍ കാണിക്കുന്നുണ്ട്.

ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാനും ഷൈന്‍ ടോം ചാക്കോയും ട്രെയ്‌ലറില്‍ തിളങ്ങിയിട്ടുണ്ട്. അടിയും ഇടിയും പൂരവുമായി വേറെ ലെവല്‍ ട്രെയ്‌ലറാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് തിരക്കഥ എഴുതിയത്.

Content Highlight: Tovino Thomas and Kalyani Priyadarshan starrer Thallumala trailer is out