ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 16 ഓണ്‍ സ്‌റ്റേജ്; ബേസിലിന്റെ വീഡിയോ പങ്കുവെച്ച് ടൊവിനോ
Entertainment news
ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 16 ഓണ്‍ സ്‌റ്റേജ്; ബേസിലിന്റെ വീഡിയോ പങ്കുവെച്ച് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th November 2021, 4:29 pm

കുഞ്ഞിരാമായണം ഗോദ തുടങ്ങിയ തകര്‍പ്പന്‍ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ബേസില്‍ ജോസഫ്. അവതരണത്തിലെ പുതുമകള്‍ കൊണ്ട് പ്രശംസകളേറ്റുവാങ്ങിയ ബേസിലിന്റെ പുതിയ ചിത്രമായ മിന്നല്‍ മുരളി റിലീസിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കൊപ്പം ബേസിലിന്റെ പുതിയ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മിന്നല്‍ മുരളിയിലെ ‘തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന ബേസിലിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ടൊവിനോ തോമസാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ‘ ആക്ഷന്‍ സോംഗ്, ചെസ്റ്റ് നമ്പര്‍ 16 ബേസില്‍ ജോസഫ്. പൊതുജനങ്ങളുടെ പ്രതികരണത്തിനനുസരിച്ച് ഈ സീരീസിലെ പുതിയ വീഡിയോ റിലീസ് ചെയ്യുന്നതായിരിക്കും,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി എത്തുന്നത്. ‘നടന്‍ സംവിധായകനെ ചതിച്ചു ഗയ്‌സ്’, ‘ഇത് ശരിക്കും മിന്നലടിച്ചത് തന്നെയാ’, ‘ബേസിലിനിട്ട് താങ്ങാനുള്ള ഒരു ചാന്‍സും നിങ്ങള്‍ മിസ്സാക്കാറില്ലല്ലോ’ എന്നെല്ലാമാണ് ആളുകള്‍ ചോദിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ എന്ന നിലയിലും ധാരാളം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tovino shares instagram reel video of Basil Joseph