ക്യാമ്പസ് ജീവിതത്തിലെ കുസൃതികള്ക്കും അബദ്ധങ്ങള്ക്കും പലപ്പോഴും വര്ഷങ്ങള്ക്കിപ്പുറവും ചിരിയുണര്ത്തുന്ന ഓര്മകളായി മാറാന് കഴിയും. അത്തരത്തില് കോളേജ് കാലത്ത് ലാബ് പരീക്ഷയ്ക്കിടെ ബിറ്റ് വെച്ച് കോപ്പിയടിക്കാന് ശ്രമിച്ചതും ടീച്ചര് കൈയോടെ പിടിച്ചതും ഒടുവില് പരീക്ഷയില് തോറ്റതുമായ അനുഭവം പങ്കുവെക്കുകയാണ് നടന് ടൊവിനോ തോമസ്.
കഴുത്തില് കൊന്തയിട്ട് നടന്നിരുന്ന ടൊവിനോയെ പിടികൂടിയ ടീച്ചര് ചോദിച്ച ചോദ്യവും അതിനുശേഷം നടന്ന സംഭവങ്ങളുമാണ് താരം പങ്കുവെച്ചത്.
‘ഇലക്ട്രോണിക്സ് ആന്ഡ് കമ്യൂണിക്കേഷനാണ്. ലാബ് പരീക്ഷയില് 15 എക്സ്പിരിമെന്റുകളുണ്ടാകും. പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരങ്ങള് ലഭിക്കാന് ബിറ്റുകള് പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെക്കാമെന്ന് ഞങ്ങള് നാല് സുഹൃത്തുക്കള് തീരുമാനിച്ചു. അഞ്ചെണ്ണം വീതം ഓരോരുത്തരുടെയും കൈവശമുണ്ടാകും.
റോള് നമ്പര് അനുസരിച്ചുള്ള ക്രമത്തിലായിരുന്നു പരീക്ഷ. ഞാനും വിമലും അടുത്തടുത്ത ടേബിളുകളിലായിരുന്നു. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര് ലഭിച്ചപ്പോള് ഭാഗ്യത്തിന് എന്റെ കൈവശമുള്ള ബിറ്റിലുള്ള എക്സ്പിരിമെന്റാണ് കിട്ടിയത്.

സന്തോഷത്തോടെ എഴുതാന് തുടങ്ങിയപ്പോഴാണ് മറ്റൊരു പ്രശ്നം. അതേ ചോദ്യം തന്നെ അങ്ങേയറ്റത്തെ മൂലയിലുള്ള സുഹൃത്തിനും ലഭിച്ചു. അവന് വന്ന് ബിറ്റ് വാങ്ങാനുള്ള ശ്രമത്തിനിടെയാണ് സംഭവങ്ങള് കൈവിട്ടുപോയത്.
ലാബ് പരീക്ഷയ്ക്ക് നാല് വശവും മറച്ച ബോക്സ് പോലുള്ള സംവിധാനത്തിലാണ് ഇരിക്കേണ്ടത്. ഇതിനിടെ, ഞാന് എഴുതി തുടങ്ങുമ്പോള് കാലില് ആരോ തോണ്ടി. നാല് ടേബിളുകള്ക്കിടയിലൂടെ ഇഴഞ്ഞെത്തിയ അവന് ബിറ്റ് ചോദിച്ച് വന്നതാണ്.
ഞാന് അത് എങ്ങനെയോ അവന് കൊടുത്തു. എന്നാല് അവന് വന്ന അതേ രീതിയില് തിരിച്ചുപോകുന്നത് കണ്ടതോടെ എനിക്ക് ടെന്ഷനായി. ഞാന് പൊതുവെ മാന്യനായ വിദ്യാര്ഥിയെന്നായിരുന്നു മറ്റുള്ളവരുടെ ധാരണ. അതുകൊണ്ടുതന്നെ എന്റെ മുഖത്തെ പരിഭ്രമം കണ്ട ടീച്ചര് ഉത്തരമറിയാത്തതുകൊണ്ടാണ് ടെന്ഷനെന്ന് കരുതി അടുത്തെത്തി.

ടീച്ചര് എനിക്ക് ഉത്തരം പറഞ്ഞുതന്നു. ഇനി ഞാന് എഴുതിക്കൊള്ളാമെന്ന് പറഞ്ഞെങ്കിലും ടീച്ചര് പേജ് മറയ്ക്കൂ, ഞാന് പറഞ്ഞു തരാമെന്ന് പറഞ്ഞു. അടുത്ത വരി എഴുതാന് പേജ് മറിച്ചപ്പോള് അതാ എന്നെ നോക്കി ആ പേജില് ബിറ്റ്.
അപ്പോള് തന്നെ ടീച്ചര് എന്നെ പിടിച്ച് പുറത്താക്കി. ഞാനാണെങ്കില് ഭക്തിയൊന്നുമില്ലെങ്കിലും സ്റ്റൈലിന്റെ ഭാഗമായിട്ട് ഒരു കൊന്തയൊക്കെ ഇട്ടാണ് നടക്കുന്നത്. ഈ ടീച്ചറും ക്രിസ്ത്യാനിയാണ്. നീ സത്യക്രിസ്ത്യാനിയല്ലേ ഇങ്ങനെ ചെയ്യാന് പാടുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന് ഇങ്ങനെ കൈ കൂപ്പി നില്ക്കുകയാണ്.
എന്റെ മുഖഭാവമൊക്കെ കണ്ട് പാവം തോന്നിയിട്ട്, ഇത് കുമ്പസാരത്തില് പറയണമെന്ന് പറഞ്ഞു. ചെല്ല്, ബാക്കിയെഴുത് എന്ന് പറഞ്ഞു. രണ്ട് സ്റ്റെപ്പ് മുന്നോട്ട് നടന്ന ശേഷം ഞാന് തിരിഞ്ഞു നോക്കിയിട്ട്, ടീച്ചര് ആ ബിറ്റ് എന്ന് ചോദിച്ചു. ടീച്ചര് ഗെറ്റൗട്ട് അടിച്ചു. അങ്ങനെ ആ പരീക്ഷയില് ഞാന് തോറ്റു. മറ്റവര് രണ്ട് പേരും ജയിച്ചു.
കോപ്പിയടിക്കിടെ പിടിക്കപ്പെട്ട മറ്റൊരു സീനിയറുടെ കഥയും ടൊവിനോ പങ്കുവെച്ചു. ബിറ്റ് വെച്ച് കോപ്പിയടിച്ച സീനിയറെ പിടികൂടിയപ്പോള് ഡീബാര് ചെയ്യാതിരിക്കാനായി എന്നാല്, ആ സീനിയര് പേപ്പറും ബിറ്റും സഹിതം എടുത്ത് പരീക്ഷാഹാളില്നിന്ന് ഇറങ്ങിയോടി.
അങ്ങനെ ചെയ്താല് പരീക്ഷയ്ക്ക് ഹാജരായില്ലെന്നായിരിക്കും രേഖപ്പെടുത്തുക. പരീക്ഷ തോറ്റാലും അടുത്ത വര്ഷം വീണ്ടും എഴുതാമെന്നിരിക്കെ, തെളിവോടെ പിടിക്കപ്പെട്ടാല് ഡീബാര് ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു സീനിയറുടെ ശ്രമം,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino recalls getting caught cheating in an exam
