ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ ഇച്ചായ എന്ന് വിളിക്കുന്നതില്‍ താല്‍പ്പര്യമില്ല; ആ വിളി ഒട്ടും പരിചയമില്ലാത്തതാണെന്നും ടൊവിനോ തോമസ്
Malayalam Cinema
ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ ഇച്ചായ എന്ന് വിളിക്കുന്നതില്‍ താല്‍പ്പര്യമില്ല; ആ വിളി ഒട്ടും പരിചയമില്ലാത്തതാണെന്നും ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th June 2019, 10:44 pm

കൊച്ചി: ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ ഇച്ചായ എന്ന് വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

തന്റെ പുതിയ ചിത്രമായ ഓസ്‌ക്കാര്‍ ഗോസ് ടുവിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ സലീം അഹമ്മദിനൊപ്പം എത്തിയതായിരുന്നു ടോവിനോ. ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല  താന്‍ എന്നും ടൊവിനോ പറഞ്ഞു.

‘ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍.’ ടൊവിനോ പറഞ്ഞു തുടങ്ങി. ‘ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.

ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഒക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്ന് വിളിക്കാമെന്നും താരം പറഞ്ഞു.

ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തില്‍ ഇസഹാക്ക് എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ലൂക്കയാണ് ടൊവിനോയുടെതായി തിയേറ്ററില്‍ എത്തുന്ന അടുത്ത ചിത്രം.

വിഡിയോ കടപ്പാട് മാതൃഭൂമി