മുന്‍നിര താരങ്ങളുടെ സിനിമകള്‍ തമ്മിലുള്ള ക്ലാഷ് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ സകല ഇന്‍ഡസ്ട്രികളിലും അരങ്ങേറുന്ന ഇത്തരം ക്ലാഷുകളില്‍ ആര് വിജയിക്കുമെന്നതിലാണ് ചര്‍ച്ചകള്‍ അരങ്ങേറാറുള്ളത്. ചില സിനിമകള്‍ വിജയിക്കുമ്പോള്‍ മറ്റ് ചിലത് അണ്ടര്‍റേറ്റഡായി ബോക്‌സ് ഓഫീസില്‍ നിന്ന് കളംവിടേണ്ടി വരാറുണ്ട്.
അപൂര്‍വമായി മാത്രം ക്ലാഷിനെത്തുന്ന സിനിമകളെല്ലാം വിജയിക്കാറുമുണ്ട്. അത്തരമൊരു കോമ്പോയാണ് കുഞ്ചാക്കോ ബോബന്- ടൊവിനോ എന്നിവരുടേത്. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ റിലീസിന് വിഷുവിന് തിയേറ്ററുകളിലെത്തുകയാണ്. ടൊവിനോ നായകനായ പള്ളിച്ചട്ടമ്പിയും കുഞ്ചാക്കോ ബോബന്റെ ഒരു ദുരൂഹ സാഹചര്യത്തിലുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.
പള്ളിച്ചട്ടമ്പി, ഒരു ദുരൂഹ സാഹചര്യത്തില്‍ Photo: Reddit
ഇതിന് മുമ്പ് ഇരുവരും ക്ലാഷിനെത്തിയത് നാല് വര്‍ഷം മുമ്പാണ്. 2022 ഓഗസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവും ടൊവിനോയുടെ തല്ലുമാലയും അടുത്തടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. വ്യത്യസ്ത ഴോണറിലുള്ള രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വിജയം കൊയ്തു.
ആക്ഷന്‍- മ്യൂസിക്കല്‍ ഴോണറിലൊരുങ്ങിയ തല്ലുമാല ജെന്‍ സീ പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയമാക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ 40 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കി. പൊളിറ്റിക്കല്‍ സറ്റയറായെത്തിയ ന്നാ താന്‍ കേസ് കൊട് വന്‍ വിജയമായി. 50 കോടിയോളമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. നാല് വര്‍ഷത്തിന് ശേഷം ഇരുവരും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ എത്തുകയാണ്.
ന്നാ താന്‍ കേസ് കൊട്, തല്ലുമാല Photo: Reddit
ന്നാ താന്‍ കേസ് കൊട് അണിയിച്ചൊരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഒരു ദുരൂഹ സാഹചര്യത്തിലിന്റെയും സംവിധായകന്‍. കുഞ്ചാക്കോ ബോബനൊപ്പം ചിദംബരം, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ന്നാ താന്‍ കേസ് കൊടിലെ രാജീവനെപ്പോലെ വ്യത്യസ്തമായ കഥാപാത്രമാണ് ദുരൂഹ സാഹചര്യത്തിലെ ശ്രീനിയുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
തല്ലുമാലയെപ്പോലെ ബിഗ് ബജറ്റ് ചിത്രമാണ് പള്ളിച്ചട്ടമ്പിയും. ഇത്രയും സാമ്യത അടുത്തൊന്നും മറ്റൊരു ക്ലാഷിലും കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പള്ളിച്ചട്ടമ്പി, ഒരു ദുരൂഹ സാഹചര്യത്തില്‍ Photo: Theatrical Poster
ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. 1950കളില്‍ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിച്ചട്ടമ്പിയുടെ കഥ നടക്കുന്നത്. കയേദു ലോഹറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlight: Tovino Kunchacko Boban clash after four years