ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ക്രിഞ്ചെന്ന് കേള്‍ക്കേണ്ടി വരുന്ന പല സീനുകളെയും എക്‌സിക്യൂട്ട് ചെയ്തത് അതിമനോഹരമായിട്ടാണ്. പല സീനുകളിലും പ്രേക്ഷകര്‍ വല്ലാതെ ഇമോഷണലാകുമ്പോഴേക്ക് അവിടെ നല്ല കിടിലന്‍ കൗണ്ടര്‍ ഡയലോഗുകള്‍ കൊണ്ടുവന്ന് തിയേറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്.
ചില സിനിമകള്‍ അങ്ങനെയാണ്, വലിയ ബജറ്റോ, താരബഹുല്യമോ ഉണ്ടാകില്ല. പക്ഷേ, കണ്ടുകഴിയുമ്പോള്‍ നമ്മുടെ മനസ് നിറക്കാന്‍ അതിന് സാധിക്കും. അത്തരത്തിലൊരു സിനിമയാണ് നവാഗതനായ അബിഷന്‍ ജീവിന്ത് ഒരുക്കിയ ടൂറിസ്റ്റ് ഫാമിലി. വെറുമൊരു ഫീല്‍ ഗുഡ് ചിത്രം എന്നതിനപ്പുറം സിനിമ ശക്തമായ ഒരുപാട് രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
ശ്രീലങ്കയിലെ വിലക്കയറ്റം കാരണം ജീവിക്കാന്‍ ഗതിയില്ലാതെ ഇന്ത്യയിലേക്ക് കുടിയേറേണ്ടി വന്ന ധര്‍മദാസന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. രാമേശ്വരത്ത് നിന്ന് ചെന്നൈയിലേക്കെത്തുന്ന ഈ കുടുംബത്തിന് പിന്നീട് നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ കോമഡിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്നുണ്ട്.
ആദ്യ സീന്‍ മുതല്‍ എന്‍ഡ് ടൈറ്റില്‍ എഴുതി കാണിക്കുന്നിടം വരെ സിനിമയുടെ മൊമന്റം ഒരിടത്തും താഴുന്നില്ല. ഇമോഷണല്‍ സീനുകളും പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളും വണ്‍ലൈനറുകളിലൂടെ പറഞ്ഞുപോകുന്ന രാഷ്ട്രീയവും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഒപ്പം അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചുകാണിക്കുന്ന ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകളും കൂടിയാകുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായി ടൂറിസ്റ്റ് ഫാമിലി മാറുന്നുണ്ട്.
25കാരനായ അബിഷന്‍ ജീവിന്ത് ഈ സിനിമയെ സമീപിച്ച രീതി അഭിനന്ദനാര്‍ഹം തന്നെയാണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ക്രിഞ്ചെന്ന് കേള്‍ക്കേണ്ടി വരുന്ന പല സീനുകളെയും എക്‌സിക്യൂട്ട് ചെയ്തത് അതിമനോഹരമായിട്ടാണ്. പല സീനുകളിലും പ്രേക്ഷകര്‍ വല്ലാതെ ഇമോഷണലാകുമ്പോഴേക്ക് അവിടെ നല്ല കിടിലന്‍ കൗണ്ടര്‍ ഡയലോഗുകള്‍ കൊണ്ടുവന്ന് തിയേറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്.
ഇലക്ഷന്‍ സമയത്ത് വരുന്ന ബോംബ് സ്‌ഫോടനങ്ങള്‍ ഭരണാധികാരികള്‍ തന്നെ നടത്തിയതാകമെന്ന് പറയുന്ന, ഹിന്ദി അടിച്ചേല്പിക്കുന്നതിനെ തമിഴ് ജനത എക്കാലവും എതിര്‍ക്കുമെന്ന് ആഹ്വാനം ചെയ്യുന്ന, മനുഷ്യത്വമാണ് എല്ലാത്തിനും മുകളിലെന്ന് പറഞ്ഞുവെക്കുന്ന ശക്തമായ സിനിമ തന്നെയാണ് ടൂറിസ്റ്റ് ഫാമിലി.
നായകനായ ധര്‍മദാസനായി ഗംഭീര പ്രകടനമാണ് ശശികുമാര്‍ കാഴ്ചവെച്ചത്. അയാളുടെ നിസഹായാവസ്ഥയും ചെറിയ കാര്യങ്ങളിലെ സന്തോഷവും കൃത്യമായി പ്രേക്ഷരിലേക്കെത്തിയിട്ടുണ്ട്. നായികയായെത്തിയ സിമ്രനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ് സിനിമയിലെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍ താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വെറും ഒരൊറ്റ ഡാന്‍സ് മാത്രം സിമ്രന് മതിയായിരുന്നു.
ആവേശത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ (ബിബി മോന്‍) തമിഴിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. നിതുഷന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ ഇമോഷനും മിഥുന്റെ കൈയില്‍ ഭദ്രമായിരുന്നു. തമിഴില്‍ ഇനിയും ഒരുപാട് അവസരങ്ങള്‍ മിഥുനെ തേടിയെത്തുമെന്ന് ഉറപ്പാണ്. ഇമോഷണല്‍ സീനിലൊക്കെ മിഥുന്റെ പ്രകടനം മികച്ചതായിരുന്നു.
ഇളയ മകനായ മുള്ളിയെ അവതരിപ്പിച്ച കമലേഷ്, ഈ സിനിമ കമലേഷിന്റേതാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഓരോ സീനിലും അതിഗംഭീര കൗണ്ടര്‍ ഡയലോഗുകള്‍ കൊണ്ട് കമലേഷ് ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നുണ്ട്. കൈയടികള്‍ വാരിക്കൂട്ടുന്ന ഒരുപാട് ഡയലോഗുകള്‍ ഈ സിനിമയില്‍ കമലേഷിന് ലഭിച്ചിട്ടുണ്ട്.
നാല് സീനുകളില്‍ മാത്രം വന്നുപോകുന്ന യോഗി ബാബുവും വളരെ നല്ലൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇളങ്കോ കുമരവേല്‍ എന്ന നടനെ തമിഴ് സിനിമ ഇനിയും ഉപയോഗിക്കാനുണ്ടെന്ന് ടൂറിസ്റ്റ് ഫാമിലി അടിവരയിടുന്നുണ്ട്. എം.എസ്. ഭാസ്‌കര്‍, എന്തൊരു നടനാണെന്ന് ഇദ്ദേഹത്തിന്റെ സീനുകള്‍ കാണുമ്പോള്‍ തോന്നിപ്പോകും. കിട്ടിയ വേഷത്തോട് നീതി പുലര്‍ത്താന്‍ എം.എസ്. ഭാസ്‌കറിന് സാധിച്ചിട്ടുണ്ട്.
കുറച്ച് സീന്‍ മാത്രമേ ഉള്ളൂവെങ്കിലും വളരെ നല്ലൊരു വേഷമായിരുന്നു ശ്രീജ രവിക്കും ലഭിച്ചത്. അവരിലെ നടിയെ വേണ്ട രീതിയില്‍ എക്‌സപ്ലോര്‍ ചെയ്യിക്കാനുണ്ടെന്നതിന് തെളിവാണ് ടൂറിസ്റ്റ് ഫാമിലിയിലെ ഗ്രേസി. രമേശ് തിലകിന്റെ പൊലീസ് വേഷവും മികച്ചതായിരുന്നു. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ താനു തിളങ്ങുമെന്ന് രമേശ് ഈ ചിത്രത്തിലൂടെ തെളിയിച്ചു.
പേരറിയാത്ത വേറെയും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ മനസ് നിറക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. സംവിധായകനായ അബിഷന്‍ അഭിനയിച്ച രംഗവും മനസില്‍ തട്ടുന്നതായിരുന്നു. ആദ്യ സിനിമ തന്നെ ഇത്രയും മികച്ച ഒന്നാക്കി മാറ്റിയതില്‍ അബിഷന് അഭിമാനിക്കാം. ഇനിയും ഇത്തരം സിനിമകള്‍ അയാളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ഷോണ്‍ റോള്‍ഡന്റെ സംഗീതവും സിനിമയുടെ മൂഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഓരോ പാട്ടും മനസില്‍ തങ്ങി നില്‍ക്കുന്നതാക്കി മാറ്റാന്‍ റോള്‍ഡന് കഴിഞ്ഞു. ക്ലൈമാക്‌സില്‍ വരുന്ന പാട്ട് അതിഗംഭീരമെന്നേ പറയാനാകൂ. അരവിന്ദ് വിശ്വനാഥന്റെ ക്യാമറയും ഭരത് വിക്രമിന്റെ എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതല്‍ മികച്ചതാക്കി.
സിനിമ അവസാനിച്ച് സംവിധായകന്റെ പേരെഴുതി കാണിച്ചപ്പോള്‍ ലഭിച്ച കൈയടികള്‍ ഈയടുത്ത് കിട്ടിയ ഏറ്റവും നല്ല സിനിമാനുഭവങ്ങളിലൊന്നാണ്. ഇതാണ് സിനിമയുടെ മാജിക്കെന്ന് സംശയമേതുമില്ലാതെ പറയാം.