ആഡംബര ബസ് കിലോ 45 രൂപ; ആക്രിവിലയ്ക്ക് വില്‍ക്കാനൊരുങ്ങി ഉടമ
Kerala News
ആഡംബര ബസ് കിലോ 45 രൂപ; ആക്രിവിലയ്ക്ക് വില്‍ക്കാനൊരുങ്ങി ഉടമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 12:17 pm

കൊച്ചി: എല്ലാ മേഖലകളെയും താറുമാറാക്കിയാണ് കൊവിഡ് കാലം കടന്നു പോകുന്നത്. ബിസിനസ് അടക്കമുള്ള മേഖലകളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് വരുത്തിവെച്ചത്.

ഇത്തരത്തില്‍ കൊവിഡ് പ്രതിസന്ധിയിലാക്കിയ മേഖലകളില്‍ പ്രധാനം ടൂറിസം മേഖല തന്നെയായിരുന്നു. ടൂറിസ്റ്റുകളെത്താത്തതിനെ തുടര്‍ന്നും രോഗവ്യാപനഭീതി കൊണ്ടും പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിടുകയും ചെയ്തിരുന്നു.

ഇതിന്റെ ഭീകരമായ മുഖമാണ് കൊച്ചിയിലെ റോയല്‍ ടൂറിസ്റ്റ് ബസ് ഉടമ റോയ്‌സണ്‍ ജോസഫിന്റെ അവസ്ഥ. കനത്ത സാമ്പത്തിക ബാധ്യത കാരണം തന്റെ ട്രാവല്‍സിലെ ആഡംബര ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങുകയാണ് റോയ്‌സണ്‍.

ഒരു ബസിന് കിലോയ്ക്ക് 45 രൂപയാണ് ഇയാള്‍ വിലയിട്ടിരിക്കുന്നത്. ബസ് വാങ്ങാന്‍ ആര് തന്നെ എത്തിയാലും ഈ വിലയ്ക്ക് ഉടന്‍ തന്നെ ബസ് കൈമാറുമെന്നും റോയ്‌സണ്‍ പറയുന്നു.

വായ്പാ കുടിശിക താങ്ങാനാവാതെ മുന്‍പുണ്ടായിരുന്ന 20 ബസുകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വിറ്റെന്നും, ബാക്കിയുള്ള ബസുകളില്‍ മൂന്നെണ്ണമാണ് ഇരുമ്പ് വിലയ്ക്ക് വില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘44,000 രൂപ ടാക്‌സ് അടച്ചാണ് ഓരോ വണ്ടിയും റോഡിലിറങ്ങുന്നത് എന്നാല്‍ കൊവിഡ് നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് പൊലീസുകാര്‍ ഫൈന്‍ ഈടാക്കുകയാണ്. ഞായറാഴ്ചകളില്‍ നേരത്തെ നിശ്ചയിച്ച ടൂറുകള്‍ക്കും യാത്രകള്‍ക്കും അനുമതിയുണ്ടെന്നിരിക്കെയാണ് പോലീസ് ഇങ്ങനെ ഫൈന്‍ ഈടാക്കുന്നത്,’ റോയ്‌സണ്‍ പറയുന്നു.

ഫൈനാന്‍സിംഗിലാണ് എല്ലാ വണ്ടിയും ഓടുന്നതെന്നും, ഫൈനാന്‍സുകാര്‍ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതുമുതലാണ് ഇത്തരത്തില്‍ ബസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

44,000 രൂപ ടാക്‌സും 80,000 രൂപ ഇന്‍ഷുറന്‍സുമെടുത്താണ് ഓരോ ബസും റോഡിലിറങ്ങാന്‍ ക്ലിയറന്‍സ് പാസാവുന്നതെന്നും സ്ഥിരമായി പാക്കേജ് ടൂര്‍ ഓടിക്കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടതോടെയാണ് വരുമാനം മുടങ്ങിയതെന്നും റോയ്‌സണ്‍ വ്യക്തമാക്കുന്നു.

ബസ് വിറ്റാല്‍ മാത്രമേ അരി വാങ്ങാന്‍ പറ്റൂ എന്ന അവസ്ഥയിലെത്തിയെന്നും, ഫിനാന്‍സ് കൊടുത്തു തീര്‍ക്കണമെന്നും റോയ്‌സണ്‍ പറയുന്നു.

Content Highlight:  Tourist buses for sale in Kochi for just Rs 45 per kg