23 ല്‍ ഒരാള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുന്‍പും രണ്ട് തവണ സോണിയക്ക് കത്തയച്ചു; കത്ത് വിവാദത്തിനിടെ വെളിപ്പെടുത്തല്‍
national news
23 ല്‍ ഒരാള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുന്‍പും രണ്ട് തവണ സോണിയക്ക് കത്തയച്ചു; കത്ത് വിവാദത്തിനിടെ വെളിപ്പെടുത്തല്‍
ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 1:38 pm

ന്യൂദല്‍ഹി: കേണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കല്‍ സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധി തന്നെ രംഗത്തുവന്നിട്ടുണ്ട്. അമ്മയ്ക്ക് സുഖമില്ലാതിരിക്കുന്ന സാഹചര്യത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതെന്തിനാണെന്നാണ് രാഹുല്‍ ചോദിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്ത് കോണ്‍ഗ്രസിനകത്ത് ഭിന്നതയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കത്തയച്ച ഈ 23 നേതാക്കളല്ല കോണ്‍ഗ്രസ് ന്നെ കാര്യം ഓര്‍ക്കണം എന്ന രീതിയിലടക്കമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ കത്തല്ല ഇതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന നേതാവ് നേരത്തെയും സമാനമായ ആവശ്യം ഉയര്‍ത്തി രണ്ട് തവണ സോണിയക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ലോക് ഡൗണ്‍സമയത്തു തന്നെ ഈ നേതാവ് കത്തയച്ചതായാണ് പറയുന്നത്. എന്നാല്‍ ആ രണ്ട് കത്തിന്
സോണിയയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട് 23 പേര്‍ ചേര്‍ന്ന് അയച്ച കത്താണ് ചര്‍ച്ചയായത്.

ഹൈക്കമാന്‍ഡിനെ ദുര്‍ബലപ്പെടുത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അത്തരമൊരു കത്ത് എഴുതാന്‍ കഴിഞ്ഞെന്നാണ് താന്‍ ആലോചിക്കുന്നതെന്നുമാണ് കത്ത് വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു. കത്തിലെ അക്ഷരത്തേക്കാള്‍ അതിലെ ഉള്ളടക്കം ക്രൂരമായിരുന്നെന്നും കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നയാളാണ് സോണിയയെന്നും ആന്റണി പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തെ കുറിച്ചും പാര്‍ട്ടിയിലെ അനിശ്ചിതത്വത്തെ കുറിച്ചും പറയുന്ന കത്ത് പ്രവര്‍ത്തകരെ കൂടി നിരാശയിലാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെയൊരു കത്ത് അയക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

എന്നാല്‍, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറയുന്നുണ്ട്. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Top leader, one of 23, had sent two earlier letters to Sonia on same issues