ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 1:56 pm

ടെഹ്‌റാന്‍: ഇറാന്റെ യുദ്ധകാല മിലിറ്ററി കമാന്ററുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍ സേന. മധ്യ ടെഹ്‌റാനില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് പകരമായി നിയമിച്ച വ്യക്തിയെയാണ് നിലവില്‍ കൊലപ്പെടുത്തിയതെന്നാണ് ഇസ്രഈല്‍ അവകാശപ്പെട്ടത്. അതേസമയം അദ്ദേഹം കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

ടെഹ്‌റാനില്‍ നടന്ന ആക്രമണത്തില്‍ ഐ.ആര്‍.ജി.സിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചുവെന്നാണ് ഇസ്രഈല്‍ സേന പറയുന്നത്.

ഇറാന്റെ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം 224 പേര്‍ മരിച്ചതായും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ആക്രമണത്തില്‍ ഇറാനിലെ നിരവധി സൈനിക കമാന്റര്‍മാരെയും ആണവ ശാസ്ത്രജ്ഞന്മാരെയും കൊലപ്പെടുത്തിയതായും ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടതായും ഇന്ധനം നിറക്കുന്ന വിമാനം ആക്രമിച്ചുവെന്നും ഇസ്രഈല്‍ പറയുന്നു.

എന്നാല്‍ ഇസ്രഈലില്‍ 24 പേരാണ് നിലവില്‍ കൊല്ലപ്പെട്ടതെന്നും 592 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഹൈഫയിലുള്‍പ്പെടെ ആക്രമണം നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.

Content Highlight: Top Iranian military commander reportedly killed in Israeli strike