മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിന്റെ കഥയെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. അതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ചിത്രത്തിൽ നടനായ ജിനോ ജോൺ. ഇദ്ദേഹത്തിന്റ കഥയാണ് മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിന്റെ പശ്ചാത്തലമെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞതായിരുന്നു ചർച്ചയ്ക്ക് തുടക്കമിട്ടത്.
‘ഇപ്പോൾ സംവിധായകന്റേതായ സ്റ്റേറ്റ്‌മെന്റ് വന്നിട്ടുണ്ടല്ലോ രൂപേഷ് പീതാംബരൻ പറയുന്നത് പച്ചക്കള്ളമെന്നും സാങ്കൽപിക കഥയാണ്. യഥാർത്ഥ സംഭവുമായി യാതൊരു ബന്ധവുമില്ല എന്നൊരു സ്റ്റേറ്റ്‌മെന്റ് വന്നല്ലോ. അതുവന്നതോട് കൂടിയാണ് ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചത്. ശരിക്കും സംവിധായകനാണ് നുണ പറയുന്നത്. കാരണം ഈ സിനിമ ഷൂട്ട് നടക്കുമ്പോൾ തൊട്ട് അല്ലെങ്കിൽ ഇതിന്റെ പ്രൊമോ സോങ് ഇറങ്ങിയപ്പോൾ തൊട്ട് ഇത് എന്റെ ലൈഫ് സ്റ്റോറിയുമായി ബന്ധമുണ്ടെന്നുള്ളത് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.
കാരണം 2010ൽ മഹാരാജാസ് കോളേജിൽ എസ്.എഫ്. ഐയെ തോൽപ്പിച്ച് കെ.എസ്.യുവിന്റെ ചെയർമാനായ വ്യക്തിയാണ് ഞാൻ. അന്ന് കെ.എസ്.യുവിന് കൊടി കുത്താൻ പോലും സ്വാതന്ത്യമില്ലാത്ത ക്യാമ്പസിൽ എസ്.എഫ്. ഐയെ തകർത്ത് ചെയർമാനായതാണ് എന്റെ വിജയത്തിന്റെ പ്രത്യേകത.
അന്നത്തെ പത്രമാധ്യമങ്ങളിലൊക്കെ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ആ ചർച്ചയുടെ പ്രസക്തിയാണ് ടോം ഇമ്മട്ടിയെന്നെ സമീപിക്കാൻ കാരണമായിട്ട് എനിക്ക് തോന്നുന്നത്. ഞാനും ടോം ഇമ്മട്ടിയും സുഹൃത്തായിരുന്നു. ഞങ്ങൾ രണ്ടുപേരും സിനിമ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ കഥ വരുന്നത്,’ ജിനോ ജോൺ പറയുന്നു.
അതുവരെ കെ.എസ്.യുവിന്റ കഥ സിനിമയുമായി വന്നിട്ടുണ്ടായിരുന്നില്ലെന്നും അഞ്ച് വർഷത്തോളം ആ സിനിമുമായി നിന്നെന്നും ജിനോ ജോൺ പറയുന്നു. കെ.എസ്.യുക്കാരൻ ചെയർമാനാകുന്നത് തന്നെയാണ് കഥയാക്കിയതെന്നും പിന്നീട് പ്രൊഡ്യൂസറിനോട് സംസാരിക്കുമ്പോൾ കെ.എസ്.യുവിന്റെ കഥ ആക്കിയാൽ ഓടില്ല എന്നുപറഞ്ഞപ്പോഴാണ് അത് മാറ്റിയതെന്നും ജിനോ ജോൺ കൂട്ടിച്ചേർത്തു.
അപ്പോഴും താൻ ടോമിന്റെ കൂടെ തന്നെയുണ്ടായിരുന്നെന്നും ഇത് തന്റെ കഥയാണെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ കൊടുക്കും എന്നുപറഞ്ഞതുകൊണ്ടാണ് താൻ കഥ മാറ്റാൻ സമ്മതിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ടോം തന്നെ മറന്ന് പോയെന്നും വലിയ വിജയം വരുമ്പോൾ കൂടെയുണ്ടായിരുന്നവരെ മറന്നുപോകുന്നവരുണ്ടെന്നും ജിനോ ജോൺ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Tom Immatty is lying; he will forget those around him when he wins says Gino John