എഡിറ്റര്‍
എഡിറ്റര്‍
ദേശീയപാതാ വികസനം: അറ്റകുറ്റപ്പണികളുടെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കേരളം
എഡിറ്റര്‍
Thursday 28th March 2013 12:15am

തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചിരുന്നതായും അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Ads By Google

അറ്റകുറ്റപ്പണികളുടെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സെക്രട്ടറി കേരളത്തെ വിമര്‍ശിച്ച് എഴുതിയ കത്തിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും അലംഭാവം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് ഉപരിതലഗതാഗതവകുപ്പ് വ്യക്തമാക്കിയത്.

ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ അവഗണിച്ച് ഇന്നലെ ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ബസ്, ട്രക്ക്, മള്‍ട്ടി ആക്‌സില്‍ ട്രക്ക് എന്നിവയുടെ ടോള്‍ നിരക്കിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധനവ്. കാറുകളുടെ ടോള്‍ നിരക്കില്‍ അഞ്ച് രൂപ കുറിച്ചിട്ടുണ്ട്.

പുതിയ കരാര്‍ പ്രകാരം 105 രൂപയാണ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ടോള്‍ നിരക്ക്. ട്രക്കുകള്‍ക്ക് 15 രൂപ വര്‍ധിച്ച് 210 രൂപ ഒരു യാത്രയ്ക്ക് നല്‍കേണ്ടി വരും.

ജീവിത നിലവാര സൂചികയുടെ വര്‍ധനവനുസരിച്ച് ടോള്‍ നിരക്കില്‍ നാല്‍പ്പത് ശതമാനംവരെ വര്‍ധനവുണ്ടാക്കാമെന്ന ദേശീയപാത അതോറിറ്റിയും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിരക്ക് വര്‍ധന.

Advertisement