'ബി.ജെ.പി അഞ്ഞൂറു കോടിയുടെ ആസ്ഥാന മന്ദിരം പണിയുമ്പോള്‍, ശ്രീരാമന്‍ ഇവിടെ ഒരു കൂടാരത്തിലാണ്': രാമക്ഷേത്രത്തിനായി മാര്‍ച്ചു നടത്താന്‍ തൊഗാഡിയ
national news
'ബി.ജെ.പി അഞ്ഞൂറു കോടിയുടെ ആസ്ഥാന മന്ദിരം പണിയുമ്പോള്‍, ശ്രീരാമന്‍ ഇവിടെ ഒരു കൂടാരത്തിലാണ്': രാമക്ഷേത്രത്തിനായി മാര്‍ച്ചു നടത്താന്‍ തൊഗാഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 8:31 am

ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണം ഉടന്‍ വേണമെന്ന ആവശ്യവുമായി ആഗോള ഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ മാര്‍ച്ച്. ആവശ്യം മുന്‍നിര്‍ത്തി ലഖ്‌നൗവില്‍ നിന്നും അയോധ്യ വരെ മാര്‍ച്ചു ചെയ്യുമെന്നാണ് തൊഗാഡിയയുടെ പ്രസ്താവന.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാരിനാകുമെങ്കില്‍, എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചുകൂടാ എന്ന് തൊഗാഡിയ ചോദിക്കുന്നു.

“ബി.ജെ.പിക്ക് അയോധ്യ മുതല്‍ ന്യൂദല്‍ഹി വരെ അനുയായികളുണ്ട്. പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. എന്നിട്ടു പോലും, രാമക്ഷേത്രം ഇപ്പോഴും സ്വപ്‌നം മാത്രമാണ്. മുത്തലാഖിനെ എതിര്‍ക്കുന്ന നിയമം കൊണ്ടുവരാനാകുമെങ്കില്‍, എന്തു കൊണ്ട് അത് രാമക്ഷേത്രത്തിനു വേണ്ടിയും ചെയ്തുകൂടാ?” തൊഗാഡിയ ചോദിക്കുന്നു.

 

Also Read: ആപ്പിള്‍ എക്‌സിക്യൂട്ടീവിന്റെ കൊലപാതകം; രാജ്‌നാഥ് സിങ് നടപടിയാവശ്യപ്പെട്ടു

 

ദല്‍ഹിയില്‍ ബി.ജെ.പി പണിയുന്ന പുതിയ ആസ്ഥാന മന്ദിരത്തെക്കുറിച്ചും തൊഗാഡിയ വിമര്‍ശനമുന്നയിച്ചു. പുതിയ കെട്ടിടത്തിന് ബി.ജെ.പി ചെലവാക്കുന്നത് അഞ്ഞൂറു കോടിയാണ്. എന്നാല്‍, ശ്രീരാമന്‍ ഇവിടെ ഒരു കൂടാരത്തിലാണുള്ളത് – തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവില്‍ കോഡും രണ്ടു കുട്ടികള്‍ മതിയെന്ന പോളിസിയും നടപ്പില്‍ വരുത്തണമെന്നും, 370ാം വകുപ്പു റദ്ദു ചെയ്യണമെന്നും അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കണമെന്നും തൊഗാഡിയ ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.