സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 7:54 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇക്കുറി ഓണത്തിന് മഴ വലിയ വെല്ലുവിളിയായി മാറിയേക്കും. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഉത്രാടദിനത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിനമായ എട്ടാം തീയതിയാകട്ടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ എട്ട് വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ ഒമ്പത് വരെയും, കര്‍ണാടക തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ 8, 9 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ എട്ട് വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ ഒമ്പത് വരെയും കര്‍ണാടക തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Content Highlight: Today’s Weather Report; Red alert in Four Districts