സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കാസര്‍ഗോഡും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala News
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കാസര്‍ഗോഡും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 8:08 am

തിരുവനന്തപുരം: കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.

അതേസമയം ശക്തമായ മഴ കണക്കിലെടുത്ത് കാസര്‍ഗോഡും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അംഗനവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഇന്ന് (ചൊവ്വ) അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ലെന്നും അറിയിപ്പുണ്ട്.

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമായിരിക്കുമെന്നാണ് ആലപ്പുഴ കളക്ടറുടെ അറിയിപ്പ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇതിനുപുറമെ 17/06/2025, 18/06/2025 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19/06/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

19/06/2025 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Content Highlight: Today is holiday for educational institutions in Kasaragod and Kuttanad taluks