പുകയിലയും ക്യാന്‍സറും തമ്മില്‍ ബന്ധമില്ല; വിവാദമായതോടെ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ
national news
പുകയിലയും ക്യാന്‍സറും തമ്മില്‍ ബന്ധമില്ല; വിവാദമായതോടെ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 9:28 am

ജയ്പൂര്‍: പുകയിലയെ കുറിച്ച് താന്‍ പറഞ്ഞത് തെറ്റാണെന്ന് മനസിലായതോടെ പ്രസ്താവന തിരുത്തി രാജസ്ഥാനിലെ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ. പുകയിലക്ക് ക്യാന്‍സറുമായി ബന്ധമില്ലെന്നായിരുന്നു മീണ നേരത്തെ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് മനസിലായതോടെ സിഗരറ്റല്ല ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയിലയെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി മാറ്റി പറയുകയായിരുന്നു.

ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജയ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പര്‍സാദി ലാല്‍ മീണയുടെ പ്രസ്താവന. ഗ്രാമങ്ങളിലെ ആളുകള്‍ പുകയില ഉപയോഗിക്കുകയും എന്നാല്‍ 100 വര്‍ഷം വരെ ജീവിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”ക്യാന്‍സറിന് പുകയിലയുമായോ ബീഡിയുമായോ ബന്ധമില്ല. ക്യാന്‍സര്‍ ആര്‍ക്കും വരാം. ഞാന്‍ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്, അവിടെ ഒരു ദിവസം 20 തവണ വരെ പുകയില ഉപയോഗിക്കുന്നവരുണ്ട്. സിഗരറ്റും ബീഡിയും വലിക്കുന്നു, അവര്‍ക്ക് ഒരിക്കലും ക്യാന്‍സര്‍ വരില്ല. അവര്‍ 80-100 വര്‍ഷം വരെ ജീവിക്കും,’ മീണ പറഞ്ഞു.

പുകയില ഉപയോഗിക്കാത്തവര്‍ക്കും ക്യാന്‍സര്‍ ഉണ്ട്. ഇപ്പോള്‍ ആരാണ് നഗരങ്ങളില്‍ പുകയില ഉപയോഗിക്കുന്നത്? നഗരങ്ങളില്‍ പോലും ആളുകള്‍ക്ക് ക്യാന്‍സര്‍ ഉണ്ട്. ബീഡി വലിക്കാത്തവര്‍ക്കുമുണ്ട് ക്യാന്‍സര്‍. ക്യാന്‍സര്‍ പുകയിലയുമായോ ബീഡിയുമായയോ ബന്ധപ്പെട്ടതല്ല. ആര്‍ക്കും ക്യാന്‍സര്‍ വരാം. ഭക്ഷണ ശീലങ്ങള്‍, മദ്യപാന ശീലങ്ങള്‍, ജീവിതശൈലി എന്നിവയില്‍ നിന്നാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ സ്വാസ്ഥ്യ അഭിയാന്‍ രാജസ്ഥാന്‍ എന്ന എന്‍.ജി.ഒ ഉള്‍പ്പെടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ലോകമെമ്പാടുമുള്ള ശാസ്ത്രീയ തെളിവുകളാല്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളെ പാടെ തള്ളിക്കൊണ്ട് ഒരു സംസ്ഥാനത്തെ മന്ത്രി അതും ആരോഗ്യവകുപ്പ് മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ആശങ്കാജനകമാണ്. ഒന്നുകില്‍ അദ്ദേഹം പ്രസ്താവന പിന്‍വലിക്കുകയോ അല്ലെങ്കില്‍ തന്റെ സ്ഥാനം രാജിവെയ്ക്കുകയോ ചെയ്യണമെന്ന് ജന്‍ സ്വാസ്ഥ്യ അഭിയാന്‍ രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് മീണ തന്റെ പ്രസ്താവന തിരുത്തുന്നത്.

”പല ഗ്രാമീണരും പരമ്പരാഗത ഹുക്കകളില്‍ ഉപയോഗിക്കുന്ന പുകയിലയാണ് ഞാന്‍ ഉദ്ദേശിച്ചത്. അവര്‍ വര്‍ഷങ്ങളോളം ജീവിക്കുന്നു, അവര്‍ക്ക് ക്യാന്‍സര്‍ ഇല്ല. സിഗരറ്റിനെയോ ഗുട്കയെയോ കുറിച്ചല്ല ഞാന്‍ പറയുന്നത്. ക്യാന്‍സര്‍ സംഭവിക്കുന്നത് ഗുട്ക കൊണ്ടാണ്,’ പ്രസ്താവന തിരുത്തികൊണ്ട് മന്ത്രി പറഞ്ഞു.


Content Highlights: Tobacco, cancer not related, says Rajasthan Health Minister Parsadi Lal Meena; later clarifies he meant hookahs