നയതന്ത്രം സന്തുലിതമാക്കല്‍; പുടിന് പിന്നാലെ സെലന്‍സ്‌കിയെയും ക്ഷണിക്കാന്‍ ഒരുക്കങ്ങളുമായി കേന്ദ്രം
India
നയതന്ത്രം സന്തുലിതമാക്കല്‍; പുടിന് പിന്നാലെ സെലന്‍സ്‌കിയെയും ക്ഷണിക്കാന്‍ ഒരുക്കങ്ങളുമായി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th December 2025, 11:26 am

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയെയും ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

സെലന്‍സ്‌കിയെ വൈകാതെ തന്നെ ഇന്ത്യയിലെത്തിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ സെലന്‍സ്‌കിക്ക് ഇന്ത്യ ആതിഥ്യമരുളുമെന്നാണ് സൂചനകള്‍. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കൃത്യമായ പക്ഷം പിടിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. നിലവില്‍ ഇരു രാജ്യങ്ങളുമായും ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുടിനുമായും സെലന്‍സ്‌കിയുമായും നിരന്തരം സംസാരിക്കുന്നുണ്ട്.

അതേസമയം, പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചു എന്ന കാരണത്താലല്ല സെലന്‍സ്‌കിയെ ക്ഷണിക്കുന്നതെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. ഉക്രൈന്‍ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും സെലന്‍സ്‌കിയുടെ ഓഫീസ് ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.

 To balance diplomacy; Center prepares to invite Zelensky after Putin

വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നുള്ള ചിത്രം Photo: Shashi tharoor/fb.ocm

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രതികരണവും ഇതിനിടെ ചര്‍ച്ചയായിരുന്നു. ‘ഇന്ത്യ നിഷ്പക്ഷമല്ല, സമാധാനത്തിന്റെ പക്ഷത്താണ്,’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ, പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാനായി സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

‘ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ എപ്പോഴും സമാധാനത്തിനായി വാദിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങളേയും സ്വാഗതം ചെയ്യുന്നു. ഇന്ത്യ എപ്പോഴും സംഭാവനകള്‍ നല്‍കാന്‍ തയ്യാറാണ്. അത് തുടരുക തന്നെ ചെയ്യും,’ഡിസംബര്‍ അഞ്ചിന് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോദി പ്രതികരിച്ചു.

എന്നാല്‍, പുടിന്‍-മോദി സംയുക്ത പ്രസ്താവനയില്‍ ഉക്രൈന്‍ യുദ്ധത്തെ കുറിച്ച് ഇരുവരും പരാമര്‍ശിച്ചിരുന്നില്ല. 2022 ഫെബ്രുവരിയിലാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. അന്നുമുതല്‍ ഇരുപക്ഷവുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

Content Highlight: To balance diplomacy; Center prepares to invite Zelensky after Putin