മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു; പ്രതീക്ഷക്ക് വേണ്ട നിലവാരം മരക്കാറിനില്ലാതെ പോയെന്ന് ടി.എന്‍. പ്രതാപന്‍
Movie Day
മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു; പ്രതീക്ഷക്ക് വേണ്ട നിലവാരം മരക്കാറിനില്ലാതെ പോയെന്ന് ടി.എന്‍. പ്രതാപന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th December 2021, 5:58 pm

തൃശൂര്‍: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ട അനുഭവം പങ്കുവെച്ച് ടി.എന്‍. പ്രതാപന്‍ എം.പി. പ്രതീക്ഷക്കൊത്ത
നിലവാരം ചിത്രത്തിനില്ലാതെ പോയെങ്കിലും മലയാള സിനിമക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന സിനിമയായി മരക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലി മരക്കാര്‍ എന്ന വീര പുരുഷനെ, പോര്‍ച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, സാമുദായിക സൗഹാര്‍ദത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.

മോഹന്‍ലാന്‍ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം, മലയാള സിനിമക്ക് വലിയ ഒരു ആത്മവിശ്വാസം നല്‍കുന്ന ചിത്രമായി മരക്കാര്‍ മാറി. വലിയ ചെലവിലുള്ള സിനിമാ നിര്‍മാണത്തിന് മരക്കാര്‍ വഴിയൊരുക്കുകയാണ്. വി.എഫ്.എക്‌സ് പോലുള്ള സാങ്കേതിക മികവിലും മരക്കാര്‍ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലി മരക്കാര്‍ എന്ന ധീരദേശാഭിമാനിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കാണിച്ച പരിശ്രമങ്ങള്‍ക്ക്, താല്പര്യത്തിന് ഈ രാജ്യം പ്രിയദര്‍ശനോടും മോഹന്‍ലാലിനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരക്കാരെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാലിന്റെ ഭാഗ്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ടി.എന്‍. പ്രതാപന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ദല്‍ഹിയിലെ ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസില്‍ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാല്‍ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നുതോന്നി.

കുഞ്ഞാലി മരക്കാര്‍ എന്ന വീര പുരുഷനെ, പോര്‍ച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, സാമുദായിക സൗഹാര്‍ദ്ധത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.

മോഹന്‍ലാന്‍ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം, മലയാള സിനിമക്ക് വലിയ ഒരു ആത്മവിശ്വാസം നല്‍കുന്ന ചിത്രമായി മരക്കാര്‍ മാറി. വലിയ ചിലവിലുള്ള സിനിമാ നിര്‍മ്മാണത്തിന് മരക്കാര്‍ വഴിയൊരുക്കുകയാണ്. വി.എഫ്.എക്‌സ് പോലുള്ള സാങ്കേതിക മികവിലും മരക്കാര്‍ മാതൃകയായി.

ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങുന്ന കുറെയധികം സീനുകള്‍ ഉണ്ടാവുക എന്നത് ലാല്‍ സിനിമകളുടെ ഒരു പ്രത്യേകതയാണ്. വിശേഷിച്ചും ഒരു വീരപുരുഷനെ സംബന്ധിച്ച ചരിത്രം പറയുന്ന സിനിമയാകുമ്പോള്‍ അത് എന്തായാലും ഉണ്ടാവേണ്ടതായിരുന്നു, എന്നാല്‍ അങ്ങനെ പറയത്തക്ക സീനുകളുടെ അഭാവം വല്ലാതെ നിരാശപ്പെടുത്തി. അതേസമയം, അവസാന ഭാഗങ്ങളിലെ ഒരു സീന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താല്‍ മനസ്സില്‍ കയറി.

കുഞ്ഞാലി മരക്കാരെ ചതിച്ചു കീഴ്പ്പെടുത്തി വിചാരണക്ക് എത്തിച്ചിരിക്കുകയാണ്. ഗോവയിലാണ് പോര്‍ച്ചുഗല്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം കോടതി വിചാരണ. മാപ്പെഴുതി നല്‍കിയാല്‍ വെറുതെ വിടാമെന്ന് രാജാവിന്റെ ഉറപ്പുണ്ടെന്ന് കോടതി മരക്കാറിനെരെ അറിയിച്ചു.

മേഴ്സി പെറ്റിഷന്‍! മാപ്പപേക്ഷ! ഒരു കടലാസില്‍ ഒപ്പുവെച്ചാല്‍, മാപ്പ് അപേക്ഷിച്ചാല്‍ കുറ്റവിമുക്തനായി തിരികെ ചെല്ലാം. മരണത്തിന്റെ മുന്നില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ, കുഞ്ഞാലി മരക്കാര്‍ രാജമുദ്രയുള്ള കടലാസ് വാങ്ങി രണ്ടായി കീറിയെറിഞ്ഞു. പിറന്ന മണ്ണിനെ കട്ടുമുടിക്കാനും അടക്കി വാഴാനും വന്ന വൈദേശിക ശക്തികളോട് മാപ്പ് പറയുന്നതിനേക്കാള്‍ മരക്കാര്‍ ചെയ്തത് ധീരമായി മരണത്തെ പുല്‍കലായിരുന്നു.

അതെ, പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും മാറിമാറിവന്നപ്പോള്‍ അവരോട് മാപ്പപേക്ഷ നടത്താതെ പോരാടിയ കുഞ്ഞാലി മരക്കാറിനെ പോലെയുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളാണ് നമ്മുടെ ചരിത്രത്തിന്റെ അഭിമാനം. അല്ലാതെ പലതവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറെ പോലുള്ളവരല്ല.

കുഞ്ഞാലി മരക്കാര്‍ എന്ന ധീരദേശാഭിമാനിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കാണിച്ച പരിശ്രമങ്ങള്‍ക്ക്, താല്പര്യത്തിന് ഈ രാജ്യം പ്രിയദര്‍ശനോടും മോഹന്‍ലാലിനോടും മറ്റു അണിയറ പ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരക്കാരെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാലിന്റ് ഭാഗ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നന്ദി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: TN  Prathapan MP shares his experience of seeing movie Marakkar the lion of the Arabian Sea.