ഭീതി വിതച്ചും കൊയ്തും അപരനിര്‍മിതി നടത്തി വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും: ടി.എന്‍. പ്രതാപന്‍
Kerala News
ഭീതി വിതച്ചും കൊയ്തും അപരനിര്‍മിതി നടത്തി വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും: ടി.എന്‍. പ്രതാപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 9:17 am

തൃശൂര്‍: നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയതില്‍ പ്രതികരണവുമായ് ടി.എന്‍. പ്രതാപന്‍ എം.പി. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതാപന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തിരുവനതപുരത്ത് നെയ്യാറ്റിന്‍കരയില്‍ വി.എച്ച്.പി സംഘടിപ്പിച്ച റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?

മതരാഷ്ട്രവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീര്‍ച്ചയാണ്,’ പ്രതാപന്‍ എഴുതി.

അതേസമയം, കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മെയ് 22നായിരുന്നു സംഭവം നടന്നത്.

മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പരാതി നല്‍കിയിട്ടും പൊലിസ് ഇതുവരെ യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ലെന്ന ആരോപണമുണ്ട്.